KeralaIndiaNews

അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികളെ തോല്‍പിക്കാം

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എല്ലാവരെയും വിജയിപ്പിക്കുന്നത് നാലാം ക്ലാസ് വരെ മതിയെന്നും അഞ്ചാം ക്ലാസ് മുതല്‍ പരീക്ഷ നടത്തി വിജയികളെ തീരുമാനിക്കണമെന്നും നിര്‍ദേശം. എട്ടാം ക്‌ളാസ് വരെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തി ഉയര്‍ന്ന ക്ലാസുകളില്‍ യോഗ്യര്‍ മാത്രം വിജയിച്ചാല്‍ മതിയെന്ന നിര്‍ദേശം മുന്‍ കാബിനറ്റ് സെക്രട്ടറി ടി.സി.എസ്. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലെ അഞ്ചംഗ പാനലാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. അഞ്ചാം ക്‌ളാസ് മുതല്‍ നടത്തുന്ന പരീക്ഷയില്‍ കുട്ടി പരാജയപ്പെട്ടാല്‍ രണ്ട് അവസരം വീണ്ടും നല്‍കണമെന്നും ഓരോ വര്‍ഷവും ഇത്രയും അവസരങ്ങള്‍ അവകാശമാണെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഉന്നത വിദ്യാഭ്യാസരംഗത്തെ നിര്‍വഹണ ഏജന്‍സികളായ യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവ സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കുക, കര്‍ശനമായ ചട്ടങ്ങളോടെ വിദേശ വാഴ്‌സിറ്റികള്‍ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയില്‍ ഐ.എ.എസിന് സമാനമായി പുതിയ കേഡറിനെ നിയമിക്കുക തുടങ്ങി 90 ഓളം നിര്‍ദേശങ്ങള്‍ 200 പേജ് വരുന്ന റിപ്പോര്‍ട്ടിലുണ്ട്. പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി 33 ഓളം വിഷയങ്ങള്‍ നിര്‍ണയിച്ച് താഴത്തെട്ടില്‍ നിന്നുള്‍പ്പെടെ അഭിപ്രായ രൂപവത്കരണത്തിന് മാനവ വിഭവശേഷി മന്ത്രാലയമാണ് പാനലിനെ ചുമതലപ്പെടുത്തിയത്.

ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ശൈലജ ചന്ദ്ര, ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി സുധീര്‍ മങ്കാദ്, എന്‍.സി.ഇ.ആര്‍.ടി മുന്‍ മേധാവി ജെ.എസ്. രജ്പുത് തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളായിരുന്നു. 1986ലാണ് അവസാനമായി വിദ്യാഭ്യാസനയത്തിന് രൂപം നല്‍കിയിരുന്നത്. പുതുതായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള കരട് വിദ്യാഭ്യാസനയം ഉടന്‍ പൊതുജനാഭിപ്രായമറിയാന്‍ പുറത്തുവിടും. തുടര്‍ന്നാകും നിയമമാക്കുക. എട്ടാം ക്‌ളാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കണമെന്ന നിലവിലെ നിയമം എടുത്തുകളയണമെന്ന് 15ഓളം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button