തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. യു.ഡി.എഫ് തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ചത് താനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ ധാരണയിലെത്തിയത്. യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ ചെന്നിത്തലയെ നേതാവാക്കുന്ന കാര്യത്തില്‍ ധാരണയായിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയത്.
എംഎല്‍എമാരായ വി.ഡി.സതീശന്, വി.ടി. ബല്‍റാം, അടൂര്‍ പ്രകാശ് എന്നിവര്‍ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തെ പിന്താങ്ങി. ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി ഷീല ദീക്ഷിത് അറിയിച്ചു. എന്നാല്‍ യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തന്നെ തുടരും. പ്രതിപക്ഷനേതാവാകുന്നയാള് തന്നെ യുഡിഎഫ് ചെയര്‍മാനാകുന്നതായിരുന്നു ഇതുവരെയുള്ള രീതി.
Post Your Comments