East Coast SpecialNewsInterviews

ഇലക്ഷന് ശേഷം ആദ്യമായി ചെക്കോട്ട് കരിയൻ ജാനു എന്ന സി കെ ജാനു മനസ്സ് തുറക്കുന്നു

എന്‍ ഡി എ യുടെ കൂടെ തുടരും. ആദിവാസികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തുണയായി ഇനിയും ശക്തമായി തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകും. ജിഷയുടെ കുടുംബത്തിനു നീതി ലഭിക്കാനായി പോരാടും.

ആദിവാസി സമൂഹത്തിന്റെ ഇടയില്‍ ഗോത്ര ഭാഷ സംസാരിച്ചാണ് ജാനു വോട്ട് ചോദിച്ചത്. ദേശീയ ശ്രദ്ധ ആകര്ഷിച്ച ബത്തേരിയിലെ സ്ഥാനാർഥി മനസ്സ് തുറക്കുന്നു.

–ജാനുചെച്ചി നമസ്കാരം.

** നമസ്കാരം.

— ചേച്ചി ഈസ്റ്റ് കോസ്റ്റ് ഡെയിലിക്ക് വേണ്ടിയാണ് ഞാൻ ചേച്ചിയോട് സംസാരിക്കുന്നത്. ചില കാര്യങ്ങൾ ചോദിച്ചോട്ടെ, സമയമുണ്ടാവുമോ?

** തീർച്ചയായും, ചോദിച്ചോളൂ.

— ചേച്ചിയുടെ ഒരു ഇന്റർവ്യൂ ഞാൻ മറ്റൊരു ഓൺലൈൻ പോർട്ടലിൽ കണ്ടിരുന്നു.
*
* ഇല്ല, ഇലക്ഷന് ശേഷം ഞാൻ ആർക്കും ഇന്റർവ്യൂ കൊടുത്തിട്ടില്ല, എന്നോട് വോട്ട് ഷെയറിനെ പറ്റി മാത്രം ചിലർ ചോദിച്ചിരുന്നു. ഇപ്പോൾ ഇതാണ് ഇലക്ഷന് ശേഷമുള്ള ആദ്യത്തെ ഇന്റർവ്യൂ.

— നന്ദി ചേച്ചി സമയം അനുവദിച്ചതിൽ. ചേച്ചി ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

** വളരെയേറെ ആലോചിച്ച് എങ്കിലും കുറഞ്ഞ സമയ പരിമിതിക്കുള്ളിൽ നിന്നാണ് ഞാൻ എൻ.ഡി.എ യുടെ ഒപ്പം ജെ ആർ എസ് എന്ന പാർട്ടി രൂപീകരിച്ച് അതിലെ ഒരു ഘടക കക്ഷിയായി ചേർന്ന് മത്സരിച്ചത്. വെറും ഒരു മാസം കൊണ്ടാണ് പ്രചാരണ പരിപാടികൾ നടത്തിയതും ബൂത്ത്‌ രൂപീകരിച്ചതും ഫ്ലെക്സുകളും മറ്റും വെച്ചതും ഓരോ വാർഡുകളിൽ വോട്ട് ചോദിക്കാൻ ചെന്നതും. ആരംഭത്തിൽ വളരെ പിന്നിലായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ എൻ ഡി എ ക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞു. മറ്റു മണ്ഡലങ്ങളിലെ പോലെയല്ല വയനാട്. ബത്തേരിയിൽ ഒരു കോളനിയിൽ ആണെങ്കിലും നമ്മൾ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്കു കുറെ ദൂരം ഉണ്ടായിരിക്കും. അടുത്ത കോളനിയും വീടുകളും കിലോമീറ്ററുകൾക്കപ്പുറവും ആണ്. മഴയും ഒരു തടസ്സമായിരുന്നു എങ്കിലും പ്രചാരണത്തിൽ വളരെ മുന്നോട്ടു പോകുകയും ഒരു ഘട്ടത്തിൽ എൻ ഡി എ വിജയിക്കും എന്ന സ്ഥിതിയിലേക്കെത്തുകയും ചെയ്തു. പിന്നെ തോറ്റതിന്റെ കാരണങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

–ആദിവാസികൾക്കിടയിൽ ഗോത്ര ഭാഷ സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. അതിനെ പറ്റി?

** ഞാൻ അവരിൽപെട്ട ഒരാളാണ്. അവരുടെ കാര്യങ്ങളും പരാതികളും ബുദ്ധിമുട്ടുകളും ഞാൻ മനസ്സിലാക്കേണ്ടത് ഞങ്ങളുടെ ഭാഷയിലാവുന്നത് തന്നെയായിരുന്നു നല്ലത്. ആദിവാസികൾക്ക് ഇന്നും കഞ്ഞി കുമ്പിളിൽ തന്നെയാണ്. പലർക്കും എ പി എൽ കാർഡുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. കൊടും ചതിയാണ് ഭരണകൂടം അവരോടു ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ പല സൗജന്യ ആദിവാസി പദ്ധതികളും അവരുടെ പക്കൽ എത്താറില്ല. സാമ്പത്തിക ശേഷിയുള്ള പലർക്കും ഇതര സമുദായക്കാര്ക്കും ബി പി എൽ കാർഡു കളാണ് ഉള്ളത്. ആതുകൊണ്ട് തന്നെ സൗജന്യ പദ്ധതികളും മറ്റും അനർഹരുടെ കൈകളിൽ എത്തുന്നു. ഇതിനൊക്കെ ഒരു അറുതി വരുത്തണമെങ്കിൽ ഞങ്ങളുടെ ഇടയിൽ തന്നെയുള്ള ഒരാള് അധികാര സ്ഥാനങ്ങളിൽ എത്തണം. അതിനു വേണ്ടിയും ഇവര്ക്ക് നീതി ലഭിക്കാൻ വേണ്ടിയും ഞാൻ ഇനിയുള്ള കാലവും പ്രവർത്തിക്കും പോരാടും.

— എൻ ഡി എ യുമായുള്ള സഖ്യം ഗുണം ചെയ്തോ? അത് തുടരുമോ അതോ?

** എൻ ഡി എ യുടെ ഘടക കക്ഷിയായി തുടരാൻ തന്നെയാണ് ഉറച്ച തീരുമാനം. എൻ ഡി എ യ്ക്കൊപ്പം നിന്ന് പ്രവർത്തനങ്ങളിൽ പങ്കാളിയായി മുന്നോട്ടു പോകും. 28000 വോട്ടുകളാണ് ലഭിച്ചത്. മുന്നേ പ്രചാരണം തുടങ്ങിയ മറ്റു രണ്ട് പാര്ട്ടികളും ഏറെ ദൂരം മുന്നോട്ടു പോയിരുന്നു അപ്പോൾ. എൻ ഡി എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ എന്നതും പ്രധാനമാണ്. മറ്റുള്ളവർ രണ്ടും മൂന്നും ഘട്ടം പ്രചാരണം തുടങ്ങിയപ്പോൾ ഞങ്ങൾ ആദ്യഘട്ടം തുടങ്ങിയതേയുള്ളൂ. ഒരു ഘടക കക്ഷി രൂപീകരിച്ച് ഒരു ആഴ്ച പോലും കഴിയുന്നതിനു മുന്നേയാണ്‌ ഇലക്ഷനിൽ മത്സരിച്ചത്. ചിഹ്നം കിട്ടാനും കുറച്ചു സമയം എടുത്തിരുന്നു. അത്തരം കാല താമസങ്ങളും ഒരുപക്ഷെ വോട്ടുകൾ കുറയാൻ കാരണമായിരുന്നെക്കാം. പിന്നെ വോട്ടുകൾ മറിഞ്ഞോ എന്നും പരിശോധിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ കാശ് കൊടുത്ത് മറ്റു പാര്‍ട്ടിക്കാര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതായി പരാതിയുണ്ട്.
എന്തായാലും എല്ലാം പരിശോധിക്കും. നമുക്ക് കിട്ടേണ്ട വോട്ടുകൾ പോയിട്ടുണ്ട്. അതിനെ കുറിച്ച് പിന്നീട് സംസാരിക്കാം.

— പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയാണല്ലോ എന്താണ് സിപിഎം മ്മിന്റെ വിജയത്തിനെ കുറിച്ച് പറയാനുള്ളത്?

** ഇതില്‍ പുതുമ ഒന്നും തോന്നുന്നില്ല. കാലാകാലങ്ങളായി എല്‍ ഡി എഫ്, യു ഡി എഫ് മാറി മാറി ഭരിക്കുന്നു. അഞ്ചു വര്‍ഷക്കാലം യു ഡി എഫ് ഭരിച്ചാല്‍ അടുത്തത്‌ എല്‍ ഡി എഫ് ആയിരിക്കും. ഇത്തവണ എന്‍ ഡി എ ഒരു നിര്‍ണ്ണായക ശക്തി ആയിരുന്നു പലയിടത്തും. ചരിത്രത്തിലാദ്യമായി എന്‍ ഡി എ യ്ക്ക് അക്കൌണ്ട് തുറക്കാനും പറ്റി. സിപിഎം വന്നാലും ഒന്നും മാറാന്‍ പോകുന്നില്ല. രണ്ടുഭരണവും ഒരുപോലെ തന്നെ ജനദ്രോഹമായിട്ടുള്ളത് നമ്മള്‍ കണ്ടതാണ്. സ്ത്രീകള്‍ക്ക് സുരക്ഷ ഉണ്ടാവുമെന്ന് കരുതുന്നില്ല, കാരണം സിപിഎം മൂന്നാറിലെ വനിതാ സ്ഥാനാര്‍ഥികളെ വരെ ഉപദ്രവിക്കുകയും അവരില്‍ ചിലരുടെ സാരി വലിച്ചു കീറുകയും ഒക്കെ ചെയ്തത് അധികം ആരും അറിഞ്ഞില്ലെന്നു തോന്നുന്നു? പെമ്പിള ഒരുമയിലെ ലിസിയെയും മറ്റൊരു സ്ഥാനാർഥിയെയും ആയിരുന്നു മർദ്ദിച്ചത്. അവർ ആശുപത്രിയിൽ ആയിരുന്നു. അതുപോലെ ടി പിയുടെ ഭാര്യ രമയുടെ വേഷം കെട്ടിച്ചു അവരെ അപമാനിക്കുന്ന രീതിയിലും അവര്‍ ചെയ്തല്ലോ. നേതാക്കള്‍ ഇടപെട്ടു ഇതൊക്കെ നിയന്ത്രിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇപ്പോള്‍ വിജയാഘോഷം എന്ന പേരില്‍ വ്യാപകമായി ആക്രമണം ആണല്ലോ . ഇവിടെയും ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന ഒരു സര്‍ക്കാരായിരിക്കണം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍. അത് മറന്നു പ്രവര്‍ത്തിക്കുന്നത് നല്ലതിനല്ല. ജിഷയെ പോലെ ഒരു പെണ്‍കുട്ടി അതിക്രൂരമായി പിച്ചി ചീന്തപ്പെട്ടത്‌ ഇവരുടെയൊക്കെ ജനപ്രതിനിധികള്‍ ഭരിക്കുന്ന നാട്ടിലല്ലേ? നിയുക്ത മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ നിന്നാണ് അക്രമ വാർത്തകൾ കേൾക്കുന്നത്. ജനങ്ങളുടെ ഭീതിയകറ്റുന്നതായിരിക്കണം ഒരു ഭരണാധികാരിയുടെ ധര്മ്മം.

— ആദിവാസികൾക്ക് കിട്ടാനുള്ളത് വാങ്ങിക്കൊടുക്കാൻ വേണ്ടി ഇനി എന്ത് ചെയ്യാനാണ് പദ്ധതി?

** വളരെ സജീവമായി കഷ്ടപ്പെടുന്നവര്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ജാതി ആണ് വലിയ പ്രശ്നം. ജിഷ വധം തന്നെയെടുത്താൽ എന്ത് ഭീകരമായാണ് ആ കുട്ടിയെ കൊലപ്പെടുത്തിയത്? എന്നിട്ട് അത് കേരളത്തിൽ മാത്രമായി ഒതുക്കി. പക്ഷെ ഡെൽഹിയിൽ സമാന സംഭവം ഉണ്ടായപ്പോൾ വിദേശ രാജ്യങ്ങളിൽ പോലും വാർത്തയായിരുന്നു. ഇലക്ഷൻ അടുത്തപ്പോൾ വോട്ടാക്കാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ അത് മുതലെടുക്കാനായി വിവാദമാക്കി. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ മനപ്പൂര്‍വ്വം അത് മറക്കുകയും ചെയ്തു.

— ആദിവാസികളുടെ പ്രധാന പ്രശ്നങ്ങള്‍ കഴിഞ്ഞ ഭരണങ്ങളില്‍ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നുണ്ടോ?

** ഒരിക്കലുമില്ല ഇലക്ഷന്‍ അടുക്കുമ്പോള്‍ ഓരോ കോളനിയിലും അവര്‍ കരണ്ടു വയര്‍ ഒക്കെ പാവപ്പെട്ട വീടുകളുടെ മുകളില്‍ കൂടി വലിക്കും. പക്ഷെ കറന്റ് കണക്ഷന്‍ കൊടുക്കില്ല. വഴി, കുടിവെള്ളം, വന്യമൃഗങ്ങളെ ഭയന്നല്ലാതെയൊരു ജീവിതം ഇതൊക്കെ ആദിവാസികള്‍ക്ക് എന്നും അപ്രാപ്യമാണ്. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഇതുവരെയും ആദിവാസികളെ വഞ്ചിച്ചിട്ടെയുള്ളൂ. അവര്‍ക്കിന്നും സ്വാതന്ത്ര്യവും സംരക്ഷണവും കിട്ടിയിട്ടില്ല. ആദിവാസികളെ അവര്‍ മനുഷ്യരായി പോലും അന്ഗീകരിച്ചിട്ടില്ല. അവരെ വെച്ച് മുതലെടുത്തിട്ടെയുള്ളൂ.കാലാകാലങ്ങളായി അവഗണിക്കപ്പെടുന്ന സമൂഹമാണ് കേരളത്തിലെ ആദിവാസികള്‍.

–ആദിവാസികളുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് ചേച്ചിയുടെ അഭിപ്രായം?

**ആദിവാസികൾക്ക് വേണ്ട വിദ്യാഭ്യാസം ഇല്ലാത്തത് ഒരു വലിയ വിഷയം ആണ്. അവര്ക്ക് അത് കിട്ടണമെങ്കിൽ സർക്കാരിന്റെയോ മാനേജ്മെന്റിന്റെയോ അല്ല പകരം ആദിവാസികളുടെ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കേണ്ടതുണ്ട്. ട്രൈബൽ മാനെജ്മെന്റ് ആയിരിക്കണം അത് നടത്തേണ്ടത്. ഇപ്പോൾ ഉള്ളത് ആദിവാസികളെ അവഗണിക്കുന്ന ഒന്നാണ്. സീറ്റ് അനുവദിക്കുന്നത് തന്നെ മാർക്ക് കുറവെന്നു പറഞ്ഞു ആദിവാസികളെ അവഗണിച്ചു മറ്റുള്ളവരിൽ നിന്ന് കാശ് മേടിച്ചു അവർക്ക് നല്കിയാണ്. അർഹതപ്പെട്ടവർക്ക് ആനുകൂല്യവും മറ്റും കിട്ടണം. അതിനായി ആദിവാസികൾക്കായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം.

–ഇടയ്ക്ക് ഒരു വിവാദം കണ്ടിരുന്നു ഫോര്‍ക്ക് കൊണ്ട് ആഹാരം കഴിക്കുന്ന ആദിവാസി എന്നൊക്കെ?

** അത് മറ്റൊന്നുമല്ല സോമാലിയ വിവാദം ഉണ്ടായപ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്തുണച്ചു ആദിവാസി കോളനികള്‍ സോമാലിയയെക്കാള്‍ കഷ്ടമായുള്ളത് കാണിക്കാം എന്ന് പറഞ്ഞിരുന്നു. അത് സത്യവുമാണ്. ഞാന്‍ തിരുവനന്തപുരത്തുവെച്ചു ആഹാരം കഴിക്കുന്ന ഫോട്ടോ ഫോര്‍ക്ക് ആക്കി അവര്‍ പ്രചാരണം നടത്തിയതാണ്. സ്പൂണ്‍ കൊണ്ട് കറി എടുക്കുന്നതായിരുന്നു അവര്‍ എടുത്തു പ്രചരിപ്പിച്ചത്. ആദിവാസികള്‍ ഫോര്‍ക്ക് ഉപയോഗിക്കരുതെന്നാണോ ഇവര്‍ ഒക്കെ കരുതുന്നത്? എന്നും ഞങ്ങള്‍ കഞ്ഞി കുഴി കുത്തി കഴിക്കണമെന്നാണോ ഈ പ്രചാരണത്തിന്റെ അര്‍ത്ഥം?

— ചേച്ചി കുടുംബത്തെ പറ്റി? മകള്‍?

** എന്റെ മകള്‍ ജാനകി. ദത്തെടുത്തതാണ്. കേരളത്തില്‍ അപേക്ഷ കൊടുത്തു കാത്തിരിക്കാന്‍ പറ്റില്ലായിരുന്നു 4 വര്ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കണ്ടപ്പോഴാണ് നാഷണല്‍ ലെവലില്‍ അപേക്ഷ കൊടുത്തത്. മോളെ ഛത്തീസ് ഗഡില്‍ നിന്നാണ് എനിക്ക് ലഭിച്ചത്. മോക്ക് 4 വയസ്സാവുന്നു. ഇനി അവിടെ പോകേണ്ടതുണ്ട്. ഇലക്ഷന്റെ തിരക്കില്‍ ആയിരുന്നത് കൊണ്ട് എനിക്ക് അത് ഫോളോ ചെയ്യാന്‍ പറ്റിയില്ല. അടുത്ത് തന്നെ അവിടെ പോയി, കോടതിയില്‍ നിന്ന് കുഞ്ഞിന്റെ ആധികാരികമായ രേഖകള്‍ എന്റെ പേരില്‍ ആക്കണം. അതിന്റെ നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

–നന്ദി ചേച്ചി. ഇത്രയും സമയം ഞങ്ങള്‍ക്കായി മാറ്റി വെച്ചതിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button