India

ബസുകളില്‍ അപായ ബട്ടണും സി.സി.ടി.വിയും നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി : ബസുകളില്‍ അപായ ബട്ടണും സി.സി.ടി.വിയും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ജൂണ്‍ രണ്ടിന് ഇതു പുറപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടു വരുന്നത്.

ബസുകളിലെ ഈ സംവിധാനം സ്ത്രീകളുടെ സുരക്ഷാ മുന്‍കാലത്തെക്കാള്‍ ഉറപ്പു വരുത്തുന്നതാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും വ്യക്തമാക്കി. രാജസ്ഥാനില്‍ പദ്ധതി നടപ്പാക്കുന്നതിനായുള്ള തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഫണ്ടായി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ഗതാഗത മന്ത്രി യൂണുസ് ഖാന്‍ പറഞ്ഞു. രാജസ്ഥാനിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. രാജസ്ഥാനിലെ എല്ലാ ബസുകളും ഉടനെ തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഖാന്‍ വ്യക്തമാക്കി.

സര്‍ക്കാരിന് കീഴിലുള്ള വാഹനങ്ങളില്‍ ഘടിപ്പിക്കാനുള്ള ഈ സംവിധാനങ്ങള്‍ ഒരുമിച്ച് വാങ്ങാനാണ് ആലോചിക്കുന്നത്. ഇതിലൂടെ സാമ്പത്തിക ചെലവ് കുറയ്ക്കാനാവുമെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരം വ്യവസ്ഥകളുടെ കരട് ഈ മാസം ആദ്യം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വാഹന നിര്‍മാതാക്കളില്‍ നിന്ന് അഭിപ്രായവും തേടിയിരുന്നു. 23 ഉം അതില്‍ കൂടുതല്‍ സീറ്റുകളുമുള്ള എല്ലാ യാത്രാ വാഹനങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാണ്.

ഈ ക്യാമറകളെ ഗ്ലോബല്‍ പൊസിഷണിംഗ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കും. ലോക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഇവ നിരന്തരം നിരീക്ഷണത്തിലായിരിക്കും. സ്ത്രീകളുടെ നേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ അവര്‍ക്ക് അപായ ബട്ടണ്‍ അമര്‍ത്താം. ജി.പി.എസ് സൗകര്യമുള്ളതിനാല്‍ സന്ദേശം ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇതോടൊപ്പം ബസിലെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനില്‍ ലഭ്യമാവുകയും ചെയ്യും. വാഹനം യഥാര്‍ത്ഥ സഞ്ചാരപാതയില്‍ നിന്ന് മാറി സഞ്ചരിക്കുകയാണെങ്കില്‍ ജി.പി.എസ് സംവിധാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും വാഹനം സഞ്ചരിക്കുന്ന യഥാര്‍ത്ഥ വഴി കണ്ടെത്തുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button