KeralaNews

സത്യപ്രതിജ്ഞ ഇന്ന് : പുത്തന്‍ പ്രതീക്ഷകളുമായി കേരളം

തിരുവനന്തപുരം:പുതുപ്രതീക്ഷകളുമായി പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയേറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍ (എല്ലാവരും സി.പി.എം), ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ (എല്ലാവരും സി.പി.ഐ), മാത്യു ടി. തോമസ് (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), കടന്നപ്പളളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്എസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ നിയുക്ത മന്ത്രിമാരുടെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഇടത് പ്രവര്‍ത്തകരും തലസ്ഥാനത്തേക്ക് ഒഴുകുകയാണ്. വേദിയിലും പുറത്തും സുരക്ഷയ്ക്കും ഗതാഗത ക്രമീകരണത്തിനുമായി 2000ത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രാവിലെ പിണറായി വിജയന്‍ മന്ത്രിമാരുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. മൂന്നരയോടെ സത്യപ്രതിജ്ഞാവേദിയില്‍ പുതിയ മന്ത്രിമാരത്തെും. ഒരു മണിക്കൂറോളം നീളുന്ന ചടങ്ങ് കഴിഞ്ഞാലുടന്‍ മന്ത്രിസഭാംഗങ്ങള്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് ആദ്യ മന്ത്രിസഭായോഗം ചേരും.

കേരളം പിറന്ന ശേഷമുള്ള 22ാമത്തെ മന്ത്രിസഭയായിരിക്കും ഇത്. 12ാമത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി. മന്ത്രിമാരുടെ വകുപ്പുകള്‍ ബുധനാഴ്ചതന്നെ പ്രഖ്യാപിക്കും. ഗവര്‍ണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കുക. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ഭരണപ്രതിപക്ഷ എം.എല്‍.എമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രക്തസാക്ഷി കുടുംബങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനത്തെും. രണ്ട് വനിതകള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇടം പിടിക്കുന്നെന്ന പ്രത്യേകതയുണ്ട്. പുതുമുഖങ്ങള്‍ ഏറെയുള്ള മന്ത്രിസഭയില്‍ മുമ്പ് മന്ത്രിമാരായിരുന്നവര്‍ ആറുപേര്‍ മാത്രമാണ്. സി.പി.എമ്മിലെ എട്ടുപേരും സി.പി.ഐയിലെ നാലു പേരും എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രനും പുതുമുഖങ്ങളാണ്.

രാജ്ഭവനില്‍ ഒരുക്കുന്ന പന്തലിലാണ് സത്യപ്രതിജ്ഞ നടക്കാറുള്ളത്. അണികളുടെ സാന്നിധ്യം ഉറപ്പാക്കാനാണ് സ്റ്റേഡിയത്തിലേക്ക് ചടങ്ങ് മാറ്റിയത്. ഗവര്‍ണരുടെ അനുമതിയോടെ പിണറായി വിജയനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ചീഫ് സെക്രട്ടറി ക്ഷണിക്കും.ചടങ്ങിലേക്ക് ക്ഷണിതാക്കള്‍ 3.30ന് തന്നെ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രമുഖ നേതാക്കളെയെല്ലാം ചടങ്ങിലേക്ക് നിയുക്ത മുഖ്യമന്ത്രിതന്നെ നേരിട്ട് ക്ഷണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button