KeralaNews

കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക : കുപ്പിവെള്ളത്തിലും വ്യാജന്‍മാര്‍

ഇടുക്കി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഭൂരിഭാഗവും വ്യാജന്‍മാര്‍. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐ.എസ്.ഒ. മുദ്ര പതിപ്പിച്ചാണ് കുപ്പിവെള്ളം വിപണിയിലെത്തുന്നതെങ്കിലും വേണ്ടത്ര പരിശോധനയോ ശുദ്ധീകരണമോ ഇല്ലാത്തവയാണ് കൂടുതലും.

നൂറുകണക്കിന് ബ്രാന്‍ഡുകളിലാണ് കുപ്പിവെള്ളം വിപണിയില്‍ വിലസുന്നത്. എന്നാല്‍ പലതിനും യാതൊരുവിധ ഗുണനിലവാര പരിശോധന പോലുമില്ല. പേരിനെങ്കിലും നടക്കുന്ന പരിശോധനകളാകട്ടെ അട്ടിമറിക്കുകയും ചെയ്യുന്നു.

അഞ്ചുഘട്ടമെങ്കിലും ശുദ്ധീകരിച്ച ശേഷമേ വെള്ളം കുപ്പിയിലാക്കി വിപണിയിലെത്തിക്കാവൂ എന്നാണു ചട്ടം. കൂടാതെ കുടിവെള്ളക്കുപ്പിയുടെ പുറത്തു കുപ്പിവെള്ളം നിര്‍മിക്കുന്ന കമ്പനിയുടെ മുഴുവന്‍ വിലാസവും ഫോണ്‍ നമ്പരും ബാച്ച് നമ്പരും ചേര്‍ക്കണം. നിര്‍മിക്കുന്ന ദിവസം മുതല്‍ ആറുമാസം വരെയേ വില്‍പ്പന പാടുള്ളൂവെന്നാണു നിയമം. എന്നാല്‍ ഇതു നടപ്പാക്കുന്നില്ല. പല കമ്പനികളുടെയും കുപ്പികളില്‍ ബാച്ച് നമ്പര്‍ ഇല്ല. കൂടാതെ ഇതില്‍ രേഖപ്പെടുത്തിയ ഫോണില്‍ വിളിച്ചാല്‍ ഉപയോഗത്തിലില്ല എന്നാണ് മറുപടി. കുടിവെള്ളമെന്ന രീതിയില്‍ വില്‍ക്കുന്നതില്‍ ഭൂരിഭാഗവും മലിനജലമാണ്. പല കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്കു ഓഫീസോ ശുദ്ധീകരണ സൗകര്യങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം പാലക്കാട് വിറ്റഴിച്ച ഒരു കമ്പനിയുടെ കുപ്പികളില്‍ മലിനജലം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആളുകള്‍ കടകളില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കമ്പനി അധികൃതര്‍ ഉപഭോക്താക്കളെ വിളിച്ച് വെള്ളം തിരിച്ചു വാങ്ങിക്കാനുള്ള ശ്രമത്തിലാണ്. പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പാലക്കാടാണ് കമ്പനിയുടെ ഹെഡ് ഓഫീസ്. എന്നാല്‍, ഇടുക്കിയില്‍ നിന്നാണ് വെള്ളം നിറച്ച് എത്തിക്കുന്നതെന്നു സൂചനയുണ്ട്. മുന്‍നിര കമ്പനികളുടെ പേരിനോട് സാമ്യമുള്ള വ്യാജന്‍മാരും വിപണിയിലുണ്ട്. ഗുണമേന്മയുള്ള കമ്പനികളിലേതിലും കുറഞ്ഞ വിലയ്ക്ക് കച്ചവടക്കാര്‍ക്ക് ഇത്തരം കമ്പനികളില്‍ നിന്ന് വെള്ളം ലഭിക്കുമെന്നതിനാല്‍ കച്ചവടക്കാരും ഇത്തരം വ്യാജന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button