പാലക്കാട്: ജനതാദള്‍ എസില്‍ മന്ത്രിപദവിയെക്കുറിച്ചുള്ള തര്‍ക്കം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തീര്‍ന്നില്ല. പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരും മന്ത്രിപദത്തിനുള്ള അവകാശവാദത്തിലാണ്. മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി, സി.കെ. നാണു എന്നിവര്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു.
തുടര്‍ന്നു മന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി സമിതിയെ നിശ്ചയിച്ചു. സമിതിക്കും മന്ത്രിസഭയിലേക്കുള്ള പ്രതിനിധിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തീരുമാനം കേന്ദ്രകമ്മിറ്റിക്കു വിട്ടു. എന്നാല്‍, ഇന്നലെയും കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതിനിടെ, 10 ജില്ലാ പ്രസിഡന്റുമാരും ബഹുഭൂരിപക്ഷം ബഹുജനസംഘടനകളും മാത്യു ടി. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു കത്തു നല്കി. പാലക്കാട്, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേതുടര്‍ന്ന് എന്‍.സി.പിക്കുപിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ ജനതാദള്‍- എസിനുള്ള മന്ത്രിസ്ഥാനവും രണ്ട് എംഎല്‍എമാര്‍ പങ്കിടാന്‍ സാധ്യത ഉരുത്തിരിഞ്ഞു. പാര്‍ട്ടിയുടെ മന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ചിറ്റൂരില്‍ നിന്നുവിജയിച്ച കെ.കൃഷ്ണന്‍കുട്ടിയും, വടകരയില്‍ നിന്നുള്ള സി.കെ.നാണുവുമായിരിക്കും മന്ത്രിസ്ഥാനം പങ്കിടുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ഒരു മന്ത്രി മതിയെന്ന അഭിപ്രായവും പാര്‍ലമന്ററി പാര്‍ട്ടിയില്‍ ഉയര്‍ന്നു.
ദേശീയ നേതാവ് ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ചു നീണ്ട ചര്‍ച്ച നടന്നെങ്കിലും ആദ്യം വ്യക്തമായ തീരുമാനത്തിലെത്താനായില്ല. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് മുതിര്‍ന്ന നേതാവ് സി.കെ.നാണുവാണ് ആദ്യം നിര്‍ദ്ദേശിച്ചത്. പിന്നീട് കോഴിക്കോട്ടു നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം മന്ത്രിസ്ഥാനത്തില്‍ താല്പര്യം പ്രകടിപ്പിച്ചതെന്നറിയുന്നു. ആദ്യ ഊഴം ആരുടേതെന്ന് ധാരണയായിട്ടില്ല.
മാത്യു ടി തോമസ് മന്ത്രിയാകുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സി.പി.എമ്മിന്റെ താല്പര്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പമായതിനാല്‍ ഈഴവസമുദായത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ അവരില്‍ നിന്നു കൂടുതല്‍ മന്ത്രിമാര്‍ വേണമെന്നാണ് സി.പി.എം നിലപാട് എന്നറിയുന്നു. കൃഷി, അല്ലെങ്കില്‍ ജലസേചനവകുപ്പ് ചോദിക്കാനാണ് ജനതാദള്‍ എസിന്റെ നീക്കം. ദേശീയ നേതാവ് ദേവഗൗഡ മന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ സൂചനകള്‍.
Post Your Comments