വടകര: തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമയെ പരിഹസിച്ചു കൊണ്ട് സി.പി.ഐ.എമ്മുകാര്‍ നടത്തിയ ആഭാസ പേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീപുരുഷ സമത്വത്തിനും എതിരായ നടപടിയാണ് സി.പി.ഐ.എമ്മുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അജിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സാധാരണമാണ്. ജനാധിപത്യത്തില്‍ ഏത് നിലപാടെടുക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചുവെന്നത് കൊണ്ട് വിധവയായ ഒരു സ്ത്രീയെ അപമാനിക്കുന്നത് കാടത്തമാണെന്ന് അജിത പറഞ്ഞു. കെ.കെ. രമയെ സന്ദര്‍ശിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സി.പി.ഐ.എമ്മുകാരില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് അവര്‍ വിവരിക്കുകയുണ്ടായി. വലിയ തോതിലുള്ള വ്യക്തിഹത്യയാണ് രമക്കെതിരെ നടത്തിയത്. ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന പ്രവണതയാണെന്നും അജിത പറഞ്ഞു.
Post Your Comments