NewsIndia

ദേശസുരക്ഷയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്ന സുപ്രധാന ചുവടുവയ്പ്പ്

ദേശസുരക്ഷയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്ന സുപ്രധാന ചുവടുവയ്പ്പുമായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.). ഐ.ടി.ബി.പിയുടെ 12 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ചരിത്രത്തില്‍ ആദ്യമായി ഉയരം കൂടിയ പ്രദേശത്തുള്ള ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ കാവല്‍ക്കാരായി നിയോഗിക്കപ്പെടും.

ലഡാക്കിലെ ലേ പ്രദേശത്താകും ഈ ‘മഹിളാ കോണ്‍സ്റ്റബിള്‍മാര്‍ ഏതാനും ദിവസത്തിനുള്ളില്‍ കര്‍ത്തവ്യനിരതരാകാന്‍ പോകുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 വനിതാ കോണ്‍സ്റ്റബിള്‍മാരെ ഈ ലക്ഷ്യത്തിനായി പരിശീലനം നല്‍കി സജ്ജരാക്കിയിട്ടുണ്ട്.

“തങ്ങളുടെ അതേ റാങ്കിലുള്ള പുരുഷ കോണ്‍സ്റ്റബിള്‍മാരെപ്പോലെ തന്നെ യുദ്ധതന്ത്രങ്ങളില്‍ അതികഠിനമായ പരിശീലന പ്രക്രിയ കഴിഞ്ഞ് തയാറായവരാണ് ഈ വനിതാ സേനയും,” 21-ആം ബറ്റാലിയന്‍റെ കമാന്‍ഡന്‍റ് ആയ കുന്ദന്‍ പ്രസാദ് പറഞ്ഞു.

അതിശൈത്യത്തില്‍, തികച്ചും പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ 14,000-ഓളം അടി ഉയരത്തിലുള്ള പ്രദേശത്തെ പോസ്റ്റുകളില്‍ ആകും ഈ വനിതാ സേന തങ്ങളുടെ ഡ്യൂട്ടി നിറവേറ്റുക.

ലഡാക്കിലെ കാരക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ ജാഛെപ്-ലാ വരെയുള്ള 3,488-കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഇന്‍ഡോ-ചൈന അതിര്‍ത്തിയുടെ കാവലിന് 1962 ഒക്ടോബര്‍ 24-ന് സജ്ജമാക്കിയ സേനാഘടകമാണ് ഐ.ടി.ബി.പി. 9,000 അടി മുതല്‍ 18,700 അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളുടെ സുരക്ഷയാണ് ഈ സേനയുടെ കൈകളില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button