ന്യൂഡല്‍ഹി : പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാമൊലിന്‍, ശബരിമല കേസുകളില്‍ എന്തു നിലപാടെടുക്കുമെന്നു നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നു. പാമൊലിന്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഇടപെടല്‍ ഹര്‍ജിക്കാരനാണ്; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണു കഴിഞ്ഞമാസങ്ങളില്‍ സുപ്രീം കോടതിയില്‍ യു.ഡി.എഫ് സര്‍ക്കാരിനുവേണ്ടി വാദിക്കപ്പെട്ടത്.
പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ വിചാരണക്കോടതിയുടെ നടപടി സംസ്ഥാന സര്‍ക്കാരും മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കേസ് പിന്‍വലിക്കുന്നതു പൊതുതാല്‍പര്യാര്‍ഥമുള്ള നടപടിയാണെന്നു കരുതാനാവില്ലെന്നു വിലയിരുത്തി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ഹൈക്കോടതിയുടെ നടപടിക്കെതിരെ മുസ്തഫ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി.ജെ.തോമസും കുറ്റവിമുക്തനാക്കണമെന്നു മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും നല്‍കിയ അപേക്ഷകളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ മൂന്നു ഹര്‍ജികളും സുപ്രീം കോടതി ഓഗസ്റ്റില്‍ പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഈ കേസുകളില്‍ വി.എസിന്റെ ഇടപെടല്‍ ഹര്‍ജിയും നിലവിലുണ്ട്.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കണമെന്ന ഹര്‍ജി കോടിക്കണക്കായ ഭക്തരുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയിലൂടെ തിരുത്താന്‍ ഉദ്ദേശിച്ചുള്ളതായതിനാല്‍ തള്ളിക്കളയണമെന്നാണു യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. ഒരുവിഭാഗം സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതു നീതിനിഷേധമാണെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ 2007 നവംബര്‍ 13നു നല്‍കിയ സത്യവാങ്മൂലം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പിന്‍വലിക്കുകയുമുണ്ടായിരുന്നു
ശബരിമല കേസില്‍ വാദം പാതിവഴിയിലാണ്. ഇനി എന്നാണു കേസ് പരിഗണിക്കുന്നതെന്നു കോടതി വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിനു പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്ത്രീപ്രവേശനത്തെ എതിര്‍ത്താണ് ഇത്തവണ വാദങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഈ നിലപാട് ഇനി മാറുമോയെന്നാണു വ്യക്തമാകേണ്ടത്.
Post Your Comments