ന്യൂഡല്‍ഹി: പയര്‍വര്‍ഗങ്ങളുടെ പൂഴ്ത്തിവയ്പ്പിലൂടെ വീണ്ടും വിലവര്‍ദ്ധനവ് സൃഷ്ടിക്കാനുള്ള ചില കച്ചവടസംഘങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രനീക്കം. വാറ്റ്, മണ്ഡിഫീസ് പോലുള്ള പ്രാദേശിക നികുതികള്‍ പയര്‍വര്‍ഗങ്ങളുടെ കാര്യത്തില്‍ ഒഴിവാക്കി വില കുറച്ചു കൊണ്ടുവന്ന് പൂഴ്ത്തിവയ്പ്പുകാര്‍ക്ക് തിരിച്ചടി നല്‍കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി. ഇതിനായുള്ള നിര്‍ദ്ദേശം സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഈ നീക്കത്തിലൂടെ 5 മുതല്‍ 7 ശതമാനം വരെ വിലയില്‍ കുറവു വരുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം 7-മില്ല്യണ്‍ ടണ്‍ അധികമായി പയര്‍വര്‍ഗങ്ങളുടെ ആവശ്യം ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഭ്യന്തര ഉത്പാദനം കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ 3-മില്ല്യണ്‍ ടണ്‍ മാത്രമാണ് വര്‍ദ്ധിച്ചതെന്ന കണക്കുകളും വിലനിയന്ത്രണ നടപടികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
ഇപ്പോഴുള്ള 1.5-ലക്ഷം ടണ്‍ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിച്ച് 9-ലക്ഷം ടണ്‍ ആക്കാനും കേന്ദ്രം ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിലനിയന്ത്രണ നടപടികളിന്മേല്‍ ഉണ്ടാകുന്ന അനാവശ്യസമ്മര്‍ദ്ദങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ഫുഡ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് മിനിസ്റ്റര്‍ രാംവിലാസ് പാസ്വാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പയര്‍വര്‍ഗങ്ങള്‍ക്കായി ഈ വര്‍ഷത്തെ മൊത്തം അഭ്യന്തര ആവശ്യം 23.6-മില്ല്യണ്‍ ടണ്ണിന്‍റേതാണ്. ഈ വര്‍ഷത്തെ അഭ്യന്തര ഉത്പാദനം 17-മില്ല്യണ്‍ ടണ്‍ ആണെന്നിരിക്കെ കേന്ദ്രം 5.5-മില്ല്യണ്‍ ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതിയും ചെയ്തിട്ടുണ്ട്. ഇനിയും 1-മില്ല്യണ്‍ ടണ്‍ കൂടി ആവശ്യമുണ്ട്.
പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കച്ചവടക്കാരുള്‍പ്പെടെ തങ്ങളുടെ പക്കലുള്ള ശേഖരത്തിന്‍റെ കണക്ക് എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിര്‍ദ്ദേശവും പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനായി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്റ്റോക്ക് 45-ദിവസത്തിനുള്ളില്‍ മാര്‍ക്കറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും ഉണ്ട്.
എല്ലാ സംസ്ഥാനങ്ങളും, സ്റ്റോക്കിന്‍റെ പരമാവധി അളവിന്‍റെ പരിമിതപ്പെടുത്തലില്‍ തുല്യത പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവടക്കാര്‍ സ്റ്റോക്ക് ലിമിറ്റില്‍ ഉദാരസമീപനമുള്ള സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്റ്റോക്ക് പൂഴ്ത്തി വയ്ക്കുന്നത് തടയാനാണ് ഇത്.
Post Your Comments