ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ 22-കാരിയായ യുവതി തന്‍റെ ഭര്‍ത്താവുമായി സ്വന്തം ചേട്ടത്തിയുടെ അവിഹിതബന്ധത്തിന് പകരം വീട്ടിയത് കൊടുംക്രൂരകൃത്യം ചെയ്ത്. ചേട്ടത്തിയുടെ മകളും സ്വന്തം മരുമകളുമായ ഐഷയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം വെട്ടിലെ ബെഡ്ബോക്സില്‍ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് റോഷന്‍ ജഹാന്‍ എന്ന യുവതി തന്‍റെ പ്രതികാരം നിര്‍വ്വഹിച്ചത്.
കൃത്യനിര്‍വ്വഹണത്തിനു ശേഷം മര്‍ക്കറ്റില്‍ നിന്ന് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്ന് ജഹാന്‍ കഥമെനയുകയും കുട്ടിയെ തിരയാന്‍ എല്ലാവരോടുമൊപ്പം ചേരുകയും ചെയ്തു. പക്ഷേ ജഹാന്‍റെ വീടിനുള്ളില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍, ബെഡ്ബോക്സ് തുറന്നു നോക്കുകയും ഐഷയുടെ മൃതദേഹം അതിനുള്ളില്‍ നിന്നും കണ്ടെടുക്കയും ചെയ്തതോടെയാണ് ഈ ക്രൂരകൃത്യത്തിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്.
ജ്യൂസ് തരാം എന്ന് പറഞ്ഞ് ഐഷയെ വീടിനുള്ളിലേക്ക് വിളിച്ചു കയറ്റിയ ശേഷമാണ് ജഹാന്‍ അവളെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തി മൃതദേഹം ബെഡ്ബോക്സില്‍ ഒളിപ്പിച്ച ശേഷം ജഹാന്‍ മുറി വൃത്തിയാക്കി തെളിവുകള്‍ എല്ലാം നശിപ്പിച്ചു കളഞ്ഞു. ഐഷയുടെ അമ്മ അവളെത്തേടി എത്തിയപ്പോള്‍ താന്‍ കുഞ്ഞിനെ കണ്ടില്ല എന്ന്‍ അറിയിക്കുകയാണ് ജഹാന്‍ ചെയ്തത്.
കുട്ടിയെ കാണാനില്ല എന്ന പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ കുട്ടി മാര്‍ക്കറ്റിലേക്ക് നടന്നു പോകുന്നത് താന്‍ കണ്ടു എന്നും, അവിടെ വച്ച് ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം എന്നും ജഹാന്‍ മൊഴി കൊടുത്തു. ഐഷയുടെ അമ്മയുടെ അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക വരെ ചെയ്തു ജഹാന്‍. കുട്ടിയെ കാണാനില്ല എന്ന അറിയിപ്പോടു കൂടി മുസ്തഫാബാദിലെ മോസ്ക്കുകളിലും മറ്റും പോസ്റ്ററുകള്‍ വരെ പതിക്കപ്പെട്ടു.
സംശയത്തിന്‍റെ പേരില്‍ ഒരു മിഡ്വൈഫിനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പോലീസ് അവരെ വിട്ടയച്ചു.
ജഹാന്‍റെ വീടിനുള്ളില്‍ നിന്നും ചെറിയ ദുര്‍ഗന്ധം വന്നു തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ ശ്രദ്ധിച്ചെങ്കിലും അത് എലി ചത്ത മണമാണെന്ന് പറഞ്ഞ് ജഹാന്‍ തത്ക്കാലത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ദുര്‍ഗന്ധം രൂക്ഷമായപ്പോള്‍ അയാള്‍വാസികള്‍ ജഹാന്‍റെ വീട്ടില്‍ ബലമായിക്കയറി ബെഡ്ബോക്സ് തുറന്നു നോക്കുകയും ഐഷയുടെ ചേതനയറ്റ ശരീരം കണ്ടെടുക്കയും ചെയ്തു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ജഹാന്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി.
തന്‍റെ ഭര്‍ത്താവും ഐഷയുടെ അമ്മയായ സ്വന്തം ചേട്ടത്തിയും തമ്മിലുള്ള അവിഹിതബന്ധം നേരിട്ടു കണ്ടതാണ് പ്രതികാരചിന്ത തന്നിലുണ്ടാക്കിയതെന്ന് ജഹാന്‍ പോലീസിനോടു പറഞ്ഞു.
Post Your Comments