ഏറേ പ്രതീക്ഷയോടെ പാര്‍ട്ടി നേരിട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തകര്‍ച്ചയെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ കാലങ്ങളായി നേതൃത്വത്തിനെതിരെ പുകയുന്ന അമര്‍ഷം മറനീക്കി പുറത്തുവരാന്‍ തുടങ്ങി.
ഈ തിരിച്ചടികള്‍ നിരാശാജനകമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടു. ഇനി കോണ്‍ഗ്രസിനു ആവശ്യം ഒരു മേജര്‍ സര്‍ജറിയാണെന്നും സിംഗ് പറഞ്ഞു.
“കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കന്മാരുടെയെല്ലാം സമ്മേളനം വിളിച്ചുകൂട്ടി പാര്‍ട്ടി ഭാവിയില്‍ സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും സംസ്ഥാന നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്താനും പറഞ്ഞിരുന്നു. ഫെബ്രുവരി 20, 2015-ന്‍റെ അന്തിമതീയതിക്ക് മുമ്പുതന്നെ ഞാനടക്കമുള്ള നേതാക്കന്മാര്‍ റിപ്പോര്‍ട്ടും കൊടുത്തതാണ്. ഇപ്പോള്‍ 2016, മെയ് ആയി. ഇപ്പോഴും നടപടികളൊന്നും എടുത്തിട്ടില്ല. അപ്പോള്‍ ചോദ്യം ഇതാണ്, എത്ര നാള്‍ പാര്‍ട്ടി ഇങ്ങനെ സ്വയംവിചാരണ നടത്തി മുന്നോട്ടുപോകും. ഞങ്ങള്‍ ആവശ്യപ്പെട്ട നടപടികള്‍ എത്രയോ മുമ്പു തന്നെ എടുക്കേണ്ടതായിരുന്നു,” രാഹുല്‍ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ദിഗ്വിജയ് സിംഗ് പറഞ്ഞു.
പാര്‍ട്ടി പൂര്‍ണ്ണമായും സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നിയന്ത്രണത്തിലായിരുന്നു എന്നും, പാര്‍ട്ടിയെ പുനരേകീകരിച്ച് ശക്തി പകരാനും പ്രാദേശിക നേതൃത്വങ്ങളില്‍ ഉണര്‍വ്വേകാനുമുള്ള ഉത്തരവാദിത്തം അവര്‍ നിറവേറ്റിയില്ല എന്നും സിംഗ് പരാതിപ്പെട്ടു. ആസാമിലെ തോല്‍വി ഒഴിവാക്കാമായിരുന്നതാണെന്നും സിംഗ് പറഞ്ഞു.
ഇത്ര കനത്ത പരാജയങ്ങള്‍ക്ക് ശേഷവും പാര്‍ട്ടി പ്രസിഡന്‍റായി രാഹുല്‍ഗാന്ധി ഉടന്‍തന്നെ ചുമതലയേല്‍ക്കും എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ അഴിമതി ആരോപണങ്ങളേക്കാളും, ഭരണവിരുദ്ധ വികാരത്തെക്കാളും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും തമ്മിലുണ്ടായ ശീതസമരമാണ് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന കാഴ്ചപ്പാടാണ് പല ദേശീയനേതാക്കന്മാര്‍ക്കും.
Post Your Comments