KeralaNews

അഞ്ച് ജില്ലകളില്‍ അക്രമം; പിണറായിലുണ്ടായ ബോംബേറില്‍ ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ വിജയത്തിന് പിന്നാലെ വ്യാപകമായ അക്രമം. പിണറായില്‍ ഉണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. അഞ്ച് ജില്ലകളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ചില സ്ഥാലങ്ങലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ സി.പി.ഐ.എം ആഹ്ലാദപ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ കമ്പില്‍മൊട്ട സ്വദേശി രവീന്ദ്രന്‍ കൊല്ലപ്പെട്ടു. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.ഐ.എം ആരോപണം. തെരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ചാലാട് സി.പി.എമ്മുകാര്‍ ബി.ജെ.പി ഓഫിസ് അടിച്ചു തകര്‍ത്തു. അമ്പാടിമുക്കില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. പള്ളിക്കുന്നില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കാസര്‍കോട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് നിരോധജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട് , മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സിപിഎം – മുസ്‌ലിം ലീഗ് സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. മുസ്‌ലിം ലീഗ് ഓഫിസിനു നേരെ കല്ലേറ്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസര്‍കോട് ഗവ. കോളജ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ മുസ്‌ലിം ലീഗ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. ഇരുവിഭാഗവും തമ്മില്‍ കല്ലേറുമുണ്ടായി. കാസര്‍കോട് ഉളിയത്തടുക്കയില്‍ യു.ഡി.എഫ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കാഞ്ഞങ്ങാട്ട് വിജയിച്ച എല്‍ഡിഎഫിലെ ഇ.ചന്ദ്രശേഖരന്റെ പര്യടന വാഹനത്തിനു നേരെ മാവുങ്കാലില്‍ കല്ലേറ്. ചന്ദ്രശേഖരനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനും വാഹനത്തിന്റെ ഡ്രൈവര്‍ക്കും അടക്കം പരുക്ക്. ചന്ദ്രശേഖരന്‍ പര്യടനം തുടരുന്നു. പരുക്കേറ്റ എ.കെ.നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് വാഹനങ്ങള്‍ തടയുന്നു.

കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരില്‍ ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ചെമ്മരത്തൂരിലെ ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ളയുടെ വീടിനു നേരെ ഇന്നലെ രാത്രിയാണ് ബോംബേറുണ്ടായത്. അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ. തിരുവള്ളൂര്‍, ഒഞ്ചിയം, വില്ല്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദ പ്രകടനത്തോട് അനുബന്ധിച്ച് അക്രമം. തിരുവളള്ളൂരില്‍ കല്ലേറില്‍ ചിലര്‍ക്ക് പരുക്കേറ്റു. എസ്‌.ഐ: കെ. നൗഫലിന് കല്ലേറില്‍ പരുക്കേറ്റു. പൊലീസിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതായി പരാതിയുണ്ട്. ഒഞ്ചിയത്ത് കുന്നുമ്മക്കരയില്‍ ആര്‍.എം.പി ഓഫിസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. വില്ല്യാപ്പള്ളിയില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് പ്രകടനം മുഖാമുഖം നടത്തിയിതിനെ തുടര്‍ന്ന് സംഘര്‍ഷം.

കുമരകത്ത് ബി.ജെ.പി പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബിജെപിക്കാരെ സി.പി.എം തടഞ്ഞു. പിന്നെ പൊലീസ് വന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇവിടെ വെട്ടേറ്റിരുന്നു.

ഇടുക്കി ജില്ലയില്‍ എസ്. രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ എല്‍.ഡി.എഫ്– യു.ഡി.എഫ് സംഘര്‍ഷം. ഒരു പൊലീസുകാരനു പരുക്കേറ്റു. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സി.പി.എം – ബി.ഡി.ജെ.എസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരായ നിസാമുദീന്‍ (32), അനൂപ് പി.രാജ് (30) സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30), സുധീ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പ്രകടനമായി പോയവരെ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നു സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button