Gulf

ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ മലയാളികള്‍ ബഹ്‌റൈനില്‍ ദുരിതത്തില്‍

മനാമ : ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ മലയാളികള്‍ ബഹ്‌റൈനില്‍ ദുരിതത്തില്‍. ആറോളം ഇന്ത്യക്കാരാണ് ബഹ്‌റൈനില്‍ കുടുങ്ങിയിരിക്കുന്നത്. വിജു റിച്ചാര്‍ഡ്, രവീന്ദ്രന്‍ ദുരൈ ബാബു, സുരേഷ് കറുപ്പയ്യ, മതീഷ് കുമാര്‍, യൂസഫ് ഷെയ്ഖ്, ഗണേശന്‍ സീനി, എന്നിവരാണ് കേരളീയ സമാജം നോര്‍ക്ക ഹെല്‍പ് ഡസ്‌കില്‍ സഹായം തേടി എത്തിയത്.

മെക്കാനിക്കല്‍ വിഭാഗത്തില്‍ പരിചയ സമ്പന്നരായ ഇവര്‍ക്ക് നാട്ടില്‍ നിന്ന് വരുമ്പോള്‍ 150 മുതല്‍ 180 ദിനാര്‍ വരെ ശമ്പളവും താമസ സൗകര്യവും ഓവര്‍ ടൈമും ഉറപ്പു നല്‍കിയിരുന്നു. അന്‍പതിനായിരം രൂപ എജന്റിനു നല്‍കിയ ശേഷം ബഹ്‌റൈനിലെത്തിയ ഇവര്‍ക്ക് ആദ്യ മാസം മുതല്‍ തന്നെ പല കാരണങ്ങള്‍ പറഞ്ഞു ശമ്പളം വെട്ടിക്കുറക്കുകയായിരുന്നു. മുംബൈയിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി മുഖേന ബഹ്‌റൈനിലെ ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജോലിക്കായാണ് ഇവര്‍ എത്തിയത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ബുദ്ധിമുട്ടിലായതിനെത്തുടര്‍ന്നാണ് ഏതു വിധേനയും നാട്ടിലേയ്ക്ക് മടങ്ങിപോകണമെന്ന നിലപാടില്‍ ഹെല്‍പ് ഡെസ്‌കില്‍ അഭയം തേടിയത്.

പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമായതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍. സനദില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ നിരവധി തവണ ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്നും ഇതേ സ്ഥാപനത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി കേന്ദ്രമാക്കിയുള്ള നിരവധി സബ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന നിരവധിപേരെയാണ് ബഹ്‌റൈനില്‍ എത്തിക്കുന്നത്. ഒരു മാസത്തെ ശമ്പളം കമ്പനിയില്‍ അടയ്ക്കാതെ പാസ്‌പോര്‍ട്ട് വിട്ടുതരാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് കമ്പനി അധികൃതര്‍. നോര്‍ക്ക ഹെല്‍പ് ഡസ്‌ക് കണ്‍വീനര്‍ സിറാജുദീന്‍ സംഭവം ഇന്ത്യന്‍ എംബസിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button