Kerala

സംസ്ഥാനത്ത് മികച്ച പോളിംഗ്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറ് മണിക്ക് പോളിംഗ് സമയം അവസാനിക്കുമ്പോള്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ കേരളത്തില്‍ മികച്ച പോളിംഗ് നടന്നു. തലസ്ഥാനമായ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും അവസാന മണിക്കൂറില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു.

തിരുവനന്തപുരം-60.34%, കൊല്ലം-61.08%, പത്തനംതിട്ട-62.87%, ആലപ്പുഴ-66.91%, കോട്ടയം-66.79%, ഇടുക്കി-63.22% എറണാകുളം-63.21%, തൃശൂര്‍-63.24%, പാലക്കാട്-65.61%, മലപ്പുറം-62.31%, കോഴിക്കോട്-65.36%, വയനാട്-65.41%, കണ്ണൂര്‍-70.5%, കാസര്‍ഗോഡ്-64.26% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പോളിംഗ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പോളിംഗ് കുറവ്. അന്തിമ കണക്കുകളില്‍ പോളിംഗ് ശതമാനം 78 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ 75.12 ശതമാനമായിരുന്നു പോളിംഗ്. പല മണ്ഡലങ്ങളിലും വോട്ടിംഗ് സമയം അവസാനിക്കുമ്പോഴും നീണ്ട ക്യൂ ഉണ്ടായിരുന്നു. ക്യുവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടന്ന തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, പാല, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിച്ചു.

പ്രമുഖ നേതാക്കളെല്ലാവരും തന്നെ രാവിലെ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്ത ശേഷം അതേസമയം സംസ്ഥാനത്ത് ഇടത് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വി.എസ് വോട്ട് ചെയ്തത്. അഴിമതിക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ വഴിത്തിരിവിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button