KeralaNews

എല്ലാ കണ്ണുകളും ഇനി എക്‌സിറ്റ് പോളുകളിലേക്ക്

ന്യൂഡല്‍ഹി : ഇനി എല്ലാ കണ്ണുകളും എക്‌സിറ്റ് പോളുകളിലേക്ക്. ഇന്നു വൈകിട്ട് 6.30 കഴിഞ്ഞാല്‍ ചാനലുകള്‍ക്ക് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. 19ന് ആണ് എല്ലായിടത്തും വോട്ടെണ്ണല്‍.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പല രാഷ്ട്രീയ സമവാക്യങ്ങളും പരീക്ഷണങ്ങളും കാണാന്‍ കഴിഞ്ഞു. ബംഗാളില്‍ ഇതാദ്യമായി സി.പി.എമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പുധാരണയിലാണ്. അസമില്‍ 15 വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് നാലാമതൊരു വിജയത്തിനായി പോരാടുകയാണ്. കേരളത്തില്‍ ഇതുവരെ കണ്ടുപോന്നത് എക്യജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും നേരിട്ടുള്ള പോരാട്ടമായിരുന്നുവെങ്കില്‍ ഇത്തവണ മിക്ക മണ്ഡലങ്ങളിലും ഇവര്‍ക്കു പുറമേ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണികൂടി വന്നതോടെ ത്രികോണമത്സരമായി.

തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവരുമോ എന്നതാണ് മുഖ്യ ചോദ്യം. ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പു സര്‍വേകളും അഭിപ്രായവോട്ടെടുപ്പുകളും ബംഗാളില്‍ മമതാ ബാനര്‍ജിയുടെയും തമിഴ്‌നാട്ടില്‍ ജയലളിതയുടെയും തിരിച്ചുവരവാണ് പ്രവചിക്കുന്നത്. അസമില്‍ ബി.ജെ.പിക്കാണു മുന്‍തൂക്കം. എന്നാല്‍ ഏറ്റവും പ്രവചനാതീതമായി നിലനില്‍ക്കുന്നതു കേരളത്തിലെ മത്സരമാണ്. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചാരണമാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ദേശീയ ജനശ്രദ്ധ നേടിയത്. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ഒരുപോലെ കാരണക്കാരായി.

സോണിയ ഗാന്ധിക്കെതിരെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ പ്രധാനമന്ത്രി നടത്തിയ ആരോപണം, അതിന് സോണിയ വികാരനിര്‍ഭരമായി നല്‍കിയ മറുപടി എന്നിവ ദേശീയ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചു. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ സ്ഥിതി സൊമാലിയയെക്കാള്‍ മോശമാണെന്ന മോദിയുടെ പരാമര്‍ശം രാഷ്ട്രാന്തരതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു, വന്‍തോതില്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ബി.ജെ.പി ഇത്തവണ കേരളത്തില്‍ വമ്പിച്ച പടയൊരുക്കമാണു നടത്തിയത്.

പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ കേരളത്തിലെ പ്രചാരണത്തില്‍ ഉടനീളം നിറഞ്ഞുനിന്നു. മൂന്നു തവണ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി. ഒരുഡസനിലേറെ കേന്ദ്രമന്ത്രിമാരെ കേരളത്തിലേക്കു നിയോഗിച്ചു. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്താത്ത തിരഞ്ഞെടുപ്പ് എന്ന സവിശേഷതയും കേരളത്തിലേതാണ്. അദ്ദേഹം പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ കേരളത്തില്‍ പര്യടനം നടത്താനാണിരുന്നത്. എന്നാല്‍ അസുഖം കാരണം അതു നടന്നില്ല.

കോണ്‍ഗ്രസ് ദേശീയ നേതൃനിരയില്‍നിന്നു പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. ബി.ജെ.പിക്കെതിരെ കടുത്ത ആക്രമണവുമായി പ്രചാരണത്തിന്റെ ഗതി മാറ്റിയതും ആന്റണിയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തവണ കേരളത്തില്‍ പ്രചാരണത്തിനു വരും എന്നു പറഞ്ഞിരുന്നുവെങ്കിലും വന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ഒരുമിച്ചു മത്സരിക്കുന്നതിനെതിരെ കേരളത്തിലെ ജനങ്ങളോടു സംസാരിക്കാനാണ് മമത ആലോചിച്ചത്.
ദേശീയനേതാക്കളില്‍ ശരദ് പവാര്‍, മായാവതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരും ഇത്തവണ കേരളത്തില്‍ പ്രചാരണത്തിനു വന്നില്ല. ആം ആദ്മി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നു നേരത്തേ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിനും സി.പി.എമ്മിനും തികച്ചും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പുകള്‍. അസമിലും കേരളത്തിലും ഭരണം നിലനിര്‍ത്താനാകുമോ എന്നാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സി.പി.എമ്മിനാകട്ടെ ബംഗാളില്‍ വിജയിക്കാമെന്ന പ്രതീക്ഷയില്ല, അതുകൊണ്ടുതന്നെ കേരളത്തില്‍ വിജയിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് അവര്‍. ഈ അഞ്ചു സംസ്ഥാനങ്ങളില്‍ എവിടെയും ബി.ജെ.പി ഭരണത്തിലില്ല. അവരുടെ ഏക പ്രതീക്ഷ അസമില്‍ അധികാരത്തില്‍ വരാമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button