KeralaNews

ജിഷ വധക്കേസ്; കൂടുതല്‍ അതിനിര്‍ണ്ണായകമായ തെളിവുകള്‍ പുറത്ത്

പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള പുതിയ ഫൊറന്‍സിക് നിഗമനങ്ങള്‍ പൊലീസിനു ലഭിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ ആദ്യ നിഗമനം. മരണ ശേഷമാണു സ്വകാര്യ ഭാഗങ്ങളിലും മുഖത്തും കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന അനുമാനത്തിലായിരുന്നു പൊലീസ് ഇതുവരെ.
 
എന്നാല്‍ മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകള്‍ കൊണ്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്ന് അനുമാനിക്കുന്നു. മൃതദേഹത്തില്‍ ആഴം കുറഞ്ഞ മുറിവുകള്‍ കൂടുതല്‍ എണ്ണം കാണാറുള്ളത് ഇര കൊലയാളിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്ബോഴാണ്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതിനു ശേഷമാകാം ജിഷ നിശ്ചലയായത്. ശരീരത്തിലും വസ്ത്രത്തിലും രക്തം പുരണ്ടാല്‍ പിന്നീട് ഏറെ നേരം കൊലയാളി സ്ഥലത്തു തങ്ങാന്‍ സാധ്യത കുറവാണ്.
 
കൊലപാതകം നടന്നു 15 ദിവസം പൂര്‍ത്തിയായ ഇന്നലെയും ഫൊറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരണം തുടര്‍ന്നു. കനാല്‍, മുറ്റം, വീടിനുള്‍വശം എന്നിവിടങ്ങളിലെ മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. കൊലയാളിയുടേതെന്നു സംശയിക്കുന്ന ചെരുപ്പ് ഇന്നലെ നാട്ടുകാര്‍ക്കു മുന്നില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു. ചെരുപ്പിന്റെ ഉടമയെ ആരെങ്കിലും തിരിച്ചറിയുമോ എന്നറിയാന്‍ സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്ന സ്ഥലത്താണു ചെരുപ്പു പ്രദര്‍ശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ മൊഴികള്‍ ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. മുന്‍പൊരിക്കല്‍ ജിഷയെ ആക്രമിച്ച യുവാവിന്റെ വിവരങ്ങള്‍ പാപ്പു പൊലീസിനു കൈമാറി.
 
കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ജിഷ വയര്‍ നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ട്. അതു വീട്ടില്‍ പാചകം ചെയ്തതല്ല. ആരോടൊപ്പം, എവിടെ തയാറാക്കിയ ഭക്ഷണമാണു ജിഷ കഴിച്ചതെന്നു കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏപ്രില്‍ 28 നു വൈകിട്ട് അഞ്ചു മണിക്കു ശേഷം വീടിനുള്ളില്‍ കയറിയ കൊലയാളിയില്‍നിന്നു രക്ഷപ്പെടാനായി ജിഷ വീടിനു പുറത്തേക്ക് ഓടാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണു പുതിയ ഫൊറന്‍സിക് നിഗമനം. കൊലയാളി ചുരിദാര്‍ ഷാളില്‍ പിടികൂടി പിന്നിലേക്കു ശക്തിയായി വലിച്ചിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കഴുത്തിന്റെ മുന്‍ഭാഗത്തും വശങ്ങളിലുമാണു ഷാള്‍ അമര്‍ന്നതിന്റെ പാടുകള്‍ കാണുന്നത്. കഴുത്തില്‍ ഷാള്‍ ചുറ്റി മുറുക്കിയാല്‍ കഴുത്തിനു ചുറ്റിലും ഇതിന്റെ പാടുകള്‍ കാണാന്‍ കഴിയും. ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതു പറയുന്നില്ല.
 
കൊല്ലപ്പെടുന്നതിനു മുന്‍പു അവസാനമായി ജിഷ പറഞ്ഞ ”ഇതുകൊണ്ടാണു നിങ്ങള്‍ ….കാരെ വിശ്വസിക്കരുതെന്നു പറയുന്നത്…” എന്ന വാചകം കുറെ കൂടി കൃത്യതയോടെ പൊലീസിനു ലഭിച്ചു. ”ഇതുകൊണ്ടാണു നിങ്ങളെയൊന്നും വിശ്വസിക്കരുതെന്നു പറയുന്നത്.” എന്നാണു ജിഷ പറഞ്ഞതെന്നാണ് ഒടുവിലത്തെ വിവരം. തുടര്‍ന്നു കരച്ചിലുകളാണു വീടിനുള്ളില്‍ നിന്നു സമീപവാസികള്‍ കേട്ടത്. ആദ്യത്തേതു തുറന്ന കരച്ചിലും രണ്ടാമത്തേതു കഴുത്തില്‍ പിടിമുറുകിയ ശേഷമുള്ള ഇടര്‍ച്ചയുള്ള കരച്ചിലുമായിരുന്നു. പിന്നീടു വീടിനുള്ളില്‍ അനക്കമൊന്നും കേട്ടില്ല. ജിഷയ്ക്കു വളരെ അടുപ്പമുള്ള ഒരാളാണു കൊലയാളിയെന്ന കാര്യത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ എല്ലാവരും യോജിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button