പൂനെ: 2014 വരെയുള്ള ഐപിഎല്ലിലെ ആദ്യ ആറ് സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 98 മത്സരങ്ങളാണ് ഇര്ഫാന് കളിച്ചത്. എന്നാല്‍ 2015ലെ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയശേഷം പത്താന് രണ്ട് സീസണുകളിലായി ഇതുവരെ കളിച്ചത് ഒരേയൊരു മത്സരം മാത്രമാണ്. അതും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് വേണ്ടി.
ആദ്യ മൂന്ന് സീസണുകളില്‍ കിംഗ്സ ഇലവന് പഞ്ചാബിന്റെ ജേഴ്സിയിലായിരുന്നു പത്താന് കളിച്ചത്. 2012ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായും അടുത്ത രണ്ട് സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായും കളിച്ചു.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയപ്പോള്‍ അത് പത്താന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പ്രത്യേകിച്ചു ചെന്നൈ ടീമില്‍ കളിച്ചിട്ടുള്ള മോഹിത് ശര്‍മ, പവന് നേഗി തുടങ്ങിയ താരങ്ങള്‍ പോലും ഇന്ത്യന്‍ ടീമിലെത്തിയ സാഹചര്യത്തില്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ ഒറ്റ മത്സരത്തില്‍പോലും പത്താനെ ആരാധകര്‍ കണ്ടില്ല. എല്ലാ കളികളിലും കരയ്ക്കിരുന്ന് കൈയടിക്കാനായിരുന്നു പത്താന്റെ വിധി.
ഇത്തവണ കാര്യങ്ങള്‍ മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അതിന് കാരണവുമുണ്ടായിരുന്നു. ഇന്ത്യയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയി ക്രിക്കറ്റില്‍ 10 കളികളില്‍ 17 വിക്കറ്റ് നേടി പത്താന് മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ പത്താന് ഇത്തവണയും എത്തിയത് ധോണിയുടെ ചിറകിനടിയില്‍ തന്നെയാണ്. ജയത്തോടെ തുടങ്ങിയെങ്കിലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് പിന്നീട് കാലിടറി. സ്റ്റീവന്‍ സ്മിത്ത്, ഫാഫ് ഡൂപ്ലെസി, കെവിന് പീറ്റേഴ്സണ്, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവര്‍ പരിക്കേറ്റ് മടങ്ങിയപ്പോഴെങ്കിലും പത്താന് പൂനെ ജേഴ്സിയില്‍ പ്രതീക്ഷിച്ചവരേറെ. എന്നിട്ടും ധോണി പത്താനെ അന്തിമ ഇലവനില്‍ എടുത്തില്ല.
ഐപിഎല്ലില്‍ 80 വിക്കറ്റും 1128 റണ്‍സുമാണ് പത്താന്റെ സമ്പാദ്യം. എന്തുകൊണ്ടും ലക്ഷണമൊത്ത ഓള് റൗണ്ടര്‍. എന്നിട്ടും പത്താനെ ടീമിലെടുക്കാതിരിക്കാന്‍ എന്താണ് കാരണമെന്ന് ആരാധകര്‍ ചോദിക്കുന്നു. അതിനുള്ള ഉത്തരം ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്കുശേഷം ധോണി വരികള്‍ക്കിടയില്‍ പറഞ്ഞു. ടീമിനറെ റിസര്‍വ് ബെഞ്ച് ശക്തമാണ്. ഓരോരുത്തരും മത്സരിച്ച് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തണമെന്നാണ് ധോണി പറയുന്നത്.
Post Your Comments