NewsIndia

ഈ ആശുപത്രിയില്‍ പക്ഷികള്‍ക്ക് സൗജന്യ ചികിത്സ

ഗുര്‍ഗാവ്: മനുഷ്യരെ പോലെ ഈ കനത്ത ചൂടില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കഷ്ടകാലം തന്നെയാണ്. വേനല്‍ക്കാല രോഗങ്ങള്‍ പക്ഷികളെയും ബാധിക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാല രോഗങ്ങള്‍ വന്ന പക്ഷികളെ ഉപേക്ഷിക്കണ്ട. പക്ഷികള്‍ക്കിനി സൗജന്യ ചികിത്സ. വേനല്‍ക്കാല രോഗങ്ങള്‍ മാത്രമല്ല കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ശ്വാസകോശരോഗങ്ങളുള്ളവര്‍ക്കും പിന്നെ പലതരം പക്ഷിരോഗങ്ങള്‍ക്കും ഈ സൗജന്യ ചികിത്സ പ്രയോജനപ്പെടുത്താവുന്നതാണ്.
 
പക്ഷികള്‍ക്കുള്ള സൗജന്യചികിത്സ പക്ഷേ കേരളത്തിലൊന്നുമല്ലെന്നു മാത്രം. ഗുര്‍ഗാവിലാണ് പക്ഷികള്‍ക്കുള്ള സൗജന്യ ചികിത്സാകേന്ദ്രമുള്ളത്. 2009ലാണിത് ആരംഭിക്കുന്നത്. അതിന് മുന്‍പ് ഇവിടെയുള്ള പക്ഷികള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കുന്നതിനു ഡല്‍ഹി വരെ പോകണമായിരുന്നു. എന്നാല്‍ ഗുര്‍ഗാവിലെ ആശുപത്രിയിപ്പോള്‍ ഇവര്‍ക്ക് ആശ്വാസമാകുകയാണ്. ഒരു കൂട്ടം പക്ഷി സ്നേഹികളാണ് ഈ ആശുപത്രിക്ക് പിന്നില്‍. ചാന്ദ്നി ചൗക്കിലെ പക്ഷികളുടെ ആശുപത്രിയുടെ മോഡിലാലാണ് ഗുര്‍ഗാവിലെ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ഏഴു വര്‍ഷമായി ആശുപത്രി ആരംഭിച്ചിട്ട്. ഇതിനോടകം നിരവധി പക്ഷികളെയാണ് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്നു ആശുപത്രിയിലെ ഡോ. രാജ്കുമാര്‍ പറയുന്നു. പക്ഷികളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും ചികിത്സ നല്‍കുന്നുണ്ട്. അന്തരീക്ഷ മലിനീകരണവും പക്ഷികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രാവുകളിലും തത്തകളിലും കണ്ടുവരുന്ന കണ്ണു രോഗത്തിനും ചികിത്സ സൗജന്യം തന്നെയാണ്. ശരീരം തളരുന്നതു പ്രാവുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഗ്രഹണി രോഗമാണ് പക്ഷികളില്‍ കൂടുതലായി കണ്ടുവരുന്ന മറ്റൊരു രോഗമെന്നും ഡോക്റ്റര്‍ പറയുന്നു.
 
ഏതാനും വര്‍ഷം മുന്‍പ് വണ്ടിയിടിച്ച്‌ ഇവിടെ കൊണ്ടുവന്ന കോഴിയെ ചികിത്സിച്ച കഥയും പങ്കുവെയ്ക്കുന്നുണ്ട് ഡോക്റ്റര്‍. ശരീരത്തിലെ ഒട്ടുമിക്ക എല്ലുകളും തകര്‍ന്നു വളരെ മോശം അവസ്ഥയിലായിരുന്നു കോഴി. ഏതാണ്ട് 150 തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു. പക്ഷേ കോഴി ഇന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഡോക്റ്റര്‍ പറയുന്നു. ആശുപത്രിയില്‍ കിടത്തിചികിത്സയുമുണ്ട്. പൂര്‍ണമായും സൗജന്യ ചികിത്സയായതു കൊണ്ടു ഡോക്റ്റര്‍ക്കുള്ള വരുമാനത്തിനും കെട്ടിട വാടക നല്‍കുന്നതിനും ആശുപത്രിക്ക് മുന്നില്‍ ഡോണേഷന്‍ ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനമാണിതിന് പ്രയോജനപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button