പെരുമ്പാവൂര്‍: “പാതിതളര്‍ന്ന ഞാനോ കൊലപാതകി?” ചുമച്ചുകൊണ്ട് ശ്വാസതടസവുമായി ഈ വാക്കുകള്‍ പറയുന്നത് ജിഷയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ഷിജു എന്നു വിളിക്കുന്ന സിജുവാണ്. ജിഷ താമസിച്ചിരുന്ന വാര്‍ഡിലെ മെന്പറായ സിജി സാബുവിന്‍റെ അനിയനാണ് സിജു. ജിഷയുടെ മരണത്തെത്തുടര്‍ന്ന് സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കേണ്ടിവന്നയാള്‍.
ഏഴ് മാസങ്ങള്‍ക്ക് മുമ്പ് എ.എം. റോഡിലുണ്ടായ അപകടത്തില്‍ ജീവന്‍ പോയെന്ന് വിധിയെഴുതിയെങ്കിലും ഭാര്യയുടെയും മൂന്ന് മക്കളുടെയും പ്രാര്‍ഥനാഫലമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ സിജു. തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ടു. ഒരു ഭാഗം മുഴുവന്‍ തളര്‍ന്നു. തല, തോളെല്ല് എന്നിവയില്‍ ആഴമേറിയ പരുക്കുകള്‍. മാസങ്ങളുടെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുന്പോഴാണ് ജിഷയുടെ മരണം. ഒന്നര വര്‍ഷം മുന്പ് ജിഷ താമസിക്കുന്ന വീടിന് മുന്നിലൂടെ പോകുന്ന കനാലിലേക്കു വീണ ഓട്ടോറിക്ഷ മുകളിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ജിഷയുടെ മാതാവ് അസഭ്യം പറഞ്ഞത് എതിര്‍ത്തിരുന്നു.
അന്നു ജിഷ അമ്മയെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് സിജു ഓര്‍ക്കുന്നു. തുടര്‍ന്ന് മറ്റൊരു ഭാഗത്ത് കൂടിയാണ് വാഹനം മുകളില്‍ കയറ്റിയത്. പിറ്റേന്ന് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ തനിക്കെതിരേ രാജേശ്വരി പരാതി നല്‍കി. സ്റ്റേഷനില്‍ എത്തി കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സിജുവിനോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. പിന്നീട് അപകടം പറ്റുകയും വീട്ടില്‍ വിശ്രമിക്കുകയും ചെയ്യുകയായിരുന്നു. പെയിന്‍റിങ് കോണ്‍ട്രാക്ടറായിരുന്ന സിജുവിന് സാരമായി പരുക്കേറ്റതോടെ ലോട്ടറി കച്ചവടമായി. കഷ്ടിച്ച് നടന്ന് ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെത്തി ലോട്ടറി കച്ചവടം നടത്തിവരുന്നു. മരുന്ന് കഴിക്കുന്നതിനാല്‍ എട്ടരയാകുന്പോഴേക്കും ഉറങ്ങിപ്പോകും. അന്ന് പത്തരയോടെ വീട്ടില്‍ ലൈറ്റ് അണയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് എഴുന്നേറ്റത്.
മകന്‍ പറഞ്ഞാണ് ജിഷ മരിച്ചത് അറിഞ്ഞത്. വയ്യെങ്കിലും ഉടന്‍ സംഭവസ്ഥലത്തെത്തി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ അധികം നേരം നില്‍ക്കാതെ തിരിച്ചുവന്ന് കിടന്നുറങ്ങി. രാവിലെയാണ് ജിഷയുടേത് ഇത്രയും ഞെട്ടിക്കുന്ന മരണമാണെന്നറിയുന്നത്. പിന്നീട് നേരത്തേ കിടന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി ചോദ്യം ചെയ്തെങ്കിലും തന്‍റെ അവസ്ഥ നേരില്‍കണ്ട് തിരിച്ചുപോകുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും ആരോടും പരിഭവം പറയാതെ കഴിയുകയാണ്. ഭാര്യ പെരുമ്പാവൂരിലെ ഒരു കടയില്‍ ജോലിക്ക് പോയാണ് കുടുംബം കഴിയുന്നത്.
കൊലപാതകത്തില്‍ അന്വേഷണം രണ്ടാഴ്ച പിന്നിട്ടിരിക്കെ ജിഷയുടെ കൊലയാളി പോയ വഴിയിലൂടെ സഞ്ചരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റഡിയിലുള്ളയാളുടെ മൊഴിയെത്തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു ശേഷം പ്രതി പോയ വഴിയിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചത്. ജിഷയുടെ വീടിനു മുന്നിലുള്ള കനാല്‍ കടന്ന് അയല്‍പക്കത്തുള്ള വീടുകളിലും എത്തി എസ്.പി. വിവരശേഖരണം നടത്തി.
അമ്മ രാജേശ്വരി ഇന്നലെ അന്വേഷണസംഘത്തിനു മൊഴി നല്‍കി. വനിതാ സി.ഐയാണു രാജേശ്വരിയില്‍ നിന്നും മൊഴിയെടുത്തത്. സംഭവദിവസം രാജേശ്വരി പോയ സ്ഥലങ്ങളെപ്പറ്റിയും വീട്ടിലെത്തിയതിനു ശേഷമുണ്ടായ കാര്യങ്ങളെപ്പറ്റിയുമാണു ചോദിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ടതിനുശേഷം വീട്ടില്‍ ആദ്യമെത്തിയത് രാജേശ്വരിയായിരുന്നു. ഏപ്രില്‍ 28ന് ഉച്ചയ്ക്കു മുന്‍പ് പുറത്തുപോയ രാജേശ്വരി വീട്ടില്‍ തിരിച്ചെത്തിയ സമയം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും രാജേശ്വരിയില്‍ നിന്നു ശേഖരിച്ചു.
ജിഷയുടെ സഹോദരി ദീപയെ പോലീസ് നാലര മണിക്കൂര്‍ ചോദ്യംചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. നേരത്തേ തയാറാക്കിയചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണു ദീപയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജേശ്വരിയില്‍ നിന്നു വിശദമായ മൊഴിയെടുത്തത്. ജിഷയുടെ പിതാവ് ബാബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങളും ശാസ്ത്രീയ പരിശോധനകളും പൂര്‍ണമായും പരാജയപ്പെട്ടു. സംഭവത്തിനു ദൃക്സാക്ഷികളില്ലാത്ത കേസുകളില്‍ നിര്‍ണായകമാകുന്ന തെളിവുകളാണു വഴുതിപ്പോകുന്നത്. ജിഷയുടെ വീട് സ്ഥിതിചെയ്യുന്ന രായമംഗലം പഞ്ചായത്തിലെ മൂന്നു റെസിഡന്‍റ്സ് അസോസിയേഷനിലെ പുരുഷന്മാരുടെ വിരലടയാളങ്ങള്‍ എറണാകുളം ജില്ലാ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇന്നലെയും ശേഖരിച്ചു. അറിയാവുന്ന മുഴുവന്‍ വിവരങ്ങളും സംശയങ്ങളും പോലീസിനു കൈമാറിയെന്ന് അയല്‍വാസികള്‍ അറിയിച്ചു.
എന്നാല്‍, കൊലപാതകിയെ കണ്ടെന്നു പറയപ്പെടുന്ന രണ്ടു പ്രധാന സാക്ഷികളുടെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തിനു തലവേദനയാവുകയാണ്. കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി 17ന് പരിഗണിക്കും. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡ ജന ചാരിറ്റബിള്‍ സമിതി ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കെ. രാമകൃഷ്ണനാണ് 17-ലേക്കു മാറ്റിയത്. പോലീസിനു വീഴ്ച സംഭവിച്ചെന്നും അന്വേഷണസംഘത്തെ മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments