Kerala

സൊമാലിയയും അട്ടപ്പാടിയും പിന്നെ മോദി പറഞ്ഞതും

തിരുവനന്തപുരം●ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശം ഭരണ-പ്രതിപക്ഷങ്ങള്‍ വന്‍ വിവാദമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്നാരോപിച്ച് വിവാദത്തിന് തുടക്കമിട്ടത്. തെറ്റായ പ്രസ്താവനകൾ പ്രധാനമന്ത്രി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് സൊമാലിയയെക്കാള്‍ മോശമാണ് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്ന രീതിയില്‍ വളച്ചൊടിയ്ക്കപ്പെടുകയായിരുന്നു. മോഡിയുടെ സൊമാലിയ പരാമര്‍ശം ഇങ്ങനെ:- കേരളത്തിലെ തൊഴിലില്ലാഴ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് സൊമാലിയയെക്കാള്‍ മോശമാണ്. ആവശ്യമായ കാര്‍ഷിക ഉല്‍പന്നങ്ങളുടെ 13 ശതമാനം മാത്രമാണ് സംസ്ഥാനം ഉല്‍പാദിപ്പിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും 70 ശതമാനം വൈദ്യുതി ആവശ്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതിയാണ് കേരളത്തിനുള്ളത്. അതുപോലെതന്നെ കേരളത്തിലെ യുവാക്കള്‍ക്ക് ജോലി തേടി മറ്റു രാജ്യങ്ങളില്‍ പോകാന്‍ നിര്‍ബന്ധിതരാകുകയാണ്. പേരാവൂരില്‍ ആദിവാസി ബാലന്‍ മാലിന്യക്കൂനയില്‍ നിന്നും ഭക്ഷണം കഴിച്ച സംഭവവും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അപമാനിച്ചെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. പേരാവൂരില്‍ കുട്ടികള്‍ക്ക് മാലിന്യം ഭക്ഷിക്കേണ്ടി വന്നുവെന്നത് വസ്തുതയാണ്. മുഖ്യമന്ത്രി ഈ വിഷയം അന്വേഷിച്ചില്ലെന്നും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.

കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കുമ്മനംആരോപിച്ചു. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനെതിരായ ഉമ്മൻചാണ്ടിയുടെ പ്രസ്താവന ഇതിന്‍റെ ഭാഗമാണ്. ഭൂരഹിതരെയും ആദിവാസികളെയും യു.ഡി.എഫ് സർക്കാർ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു.

വളരെ ദയനീയമാണ് കേരളത്തിന്‍റെ സ്ഥിതി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കേരളത്തിനുള്ളത്. ഇത് വരുത്തിവച്ചതാരാണ്. ഏത് രംഗത്താണ് പുരോഗതിയുള്ളത്. പട്ടികജാതി–പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ദയനീയമായ സ്ഥിതി വിശേഷത്തെക്കുറിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ‍യെന്നും കുമ്മനം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button