പാറശ്ശാല: വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന അയല്‍വാസി പന്ത്രണ്ടുകാരന്റെ കഴുത്തറുത്തു. വീട്ടില്‍ക്കയറിയ ആളോട് പുറത്തുപോകാന്‍ പറഞ്ഞതില്‍ പ്രകോപിതനായാണ് കുട്ടിയുടെ കഴുത്ത് കത്തികൊണ്ട് അറുത്ത് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശ്ശാലയ്ക്കുസമീപം പൊറ്റയില്‍ക്കടയില്‍ കാണവിള വീട്ടില്‍ ഷാജി-സുമലത ദമ്പതിമാരുടെ മകന്‍ തമ്പു എന്ന ഷൈന്‍ ആണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഷൈനും അമ്മയും വീട്ടില്‍ ടി.വി. കണ്ടുകൊണ്ടിരിക്കേ ബാബു വീട്ടില്‍ക്കയറി കസേരയിലിരുന്നു.
ഇതിഷ്ടപ്പെടാത്ത സുമലത പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാബു അനുസരിച്ചില്ല. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന സഹോദരിയെ വിളിക്കാന്‍ സുമലത പോയി. ഈ സമയം ടി.വി.ക്കുമുന്നില്‍ വിരിച്ച പായയില്‍ കിടന്ന ഷൈനിന്റെ കഴുത്തില്‍ ബാബു മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കീറി മുറിക്കുകയായിരുന്നു. ബാബുവിന്റെ കൈ തട്ടിമാറ്റി ഷൈന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. സമീപത്തെ പള്ളിയിലാണ് ഓടിക്കയറിയത്. നാട്ടുകാര്‍ ഷൈനിനെ പാറശ്ശാല താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഷൈനിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ആരോഗ്യനില ഗുരുതരമല്ലെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാബു സംഭവശേഷം ഒളിവിലാണ്. ക്ഷുഭിതരായ നാട്ടുകാര്‍ ഇയാളുടെ വീട്ടിലെ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. ഇയാള്‍ ഇവിടെ താമസമാക്കിയിട്ട് ആറുവര്‍ഷമായി. കോഴിക്കോട്ട് മേസ്തിരിപ്പണിക്കാരനാണ്. ശനിയും ഞായറും മാത്രമേ ഇവിടെയുണ്ടാകാറുള്ളു. ഒറ്റയ്ക്കാണ് താമസം. നാട്ടുകാരുമായി അധികം ബന്ധമില്ല. പൊഴിയൂര്‍ പോലീസ് കേസെടുത്തു.
Post Your Comments