NewsInternationalGulf

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് ഏജന്‍സിക്ക് പുതിയ നിയമാവലി

റിയാദ്: വീട്ടുവേലക്കാരെ സ്ഥിര സ്വഭാവത്തിലോ താല്‍ക്കാലികമായോ ജോലിക്ക് നല്‍കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കായി തൊഴില്‍ മന്ത്രാലയം പുതിയ നിയമാവലി പുറത്തിറക്കി. ഈ മേഖലയില്‍ നിലനില്‍ക്കുന്ന വീഴ്ചകള്‍ പരിഹരിക്കാനും വേലക്കാര്‍ ജോലി ചെയ്യാതിരിക്കുക, ഒളിച്ചോടുക തുടങ്ങിയ സാഹചര്യം ഒഴിവാക്കാനും ഉദ്ദേശിച്ചാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ടിങ് കമ്പനികളും ഏജന്‍സികളും വഴിയാണ് ജോലിക്കാരെ വിതരണം ചെയ്യുക. സ്വദേശികളുടെ ആവശ്യമനുസരിച്ച് സ്ഥിരമായോ താല്‍ക്കാലികമായോ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കാവുന്നതാണ്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥ കൂടി അടങ്ങിയതാണ് സ്ഥിര സ്വഭാവത്തിലുള്ള തൊഴിലാളിളെ വിതരണം ചെയ്യുന്ന രീതി.
 
എന്നാല്‍ നിശ്ചിത ദിവസം, സമയം എന്നിവ കണക്കാക്കി വേലക്കാരികളെ നല്‍കാനുള്ള മറ്റൊരു വ്യവസ്ഥയും മന്ത്രാലയം നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനും തൊഴില്‍ മന്ത്രാലയം ഏതാനും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക, നിശ്ചയിച്ച ഫീസ് അടക്കുക, സ്ഥാപനം നിതാഖാത്തിന്റെ പച്ച ഗണത്തിലായിരിക്കുക, സ്ഥാപനത്തിന്റെ പ്രവര്‍ത്തനം 12 മാസം പിന്നിട്ടിരിക്കുക, ഏതെങ്കിലും ശിക്ഷാ നടപടിക്ക് വിധേയമായ സ്ഥാപനമല്ലാതിരിക്കുക, അപേക്ഷയില്‍ ചുരുങ്ങിയത് അഞ്ച് വിസ, കൂടിയത് 200 വിസ എന്നീ പരിധിയിലായിരിക്കുക, പുരുഷ വേലക്കാരുടെ പരമാവധി തോത് 10 ശതമാനമായിരിക്കുക, നിയമാനുസൃതമായ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുക, മൊത്തം ജോലിക്കാരുടെ 25 ശതമാനത്തിനെങ്കിലുമുള്ള താമസ കേന്ദ്രം ഉണ്ടായിരിക്കുക, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് വ്യവസ്ഥ ചെയ്ത ജോലിക്കാരുടെ കഫാലത്ത് മാറ്റി നല്‍കുക, മന്ത്രാലയത്തിന്റെ നിയമങ്ങള്‍ ലംഘിക്കാതിരിക്കുക എന്നിവയാണ് മുഖ്യ വ്യവസ്ഥകള്‍. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയോ ജോലിക്കാരെ സ്വദേശത്തേക്ക് തിരിച്ചയച്ചോ വരുന്ന എണ്ണത്തിന് സമാനമായ എണ്ണം പുതിയ വിസ തൊഴില്‍ മന്ത്രാലയം കമ്പനികള്‍ക്ക് അനുവദിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button