കൊച്ചി: ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീട്ടില്‍ നിന്നു ലഭിച്ച പെരുമ്പാവൂര്‍ എ.എം. റോഡിലെ പര്‍ദ സെന്ററിന്റെ കവര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജിഷയുടെ മൃതദേഹത്തിനരികില്‍നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കവര്‍ ലഭിച്ചത്. കവറിന് അധികം പഴക്കമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹിന്ദു സമുദായത്തില്‍പ്പെട്ട ജിഷ പര്‍ദ സെന്ററില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ബസ് സ്‌റ്റോപ്പില്‍ നിന്ന് ഏറെ മാറിയുള്ള സ്ഥാപനത്തില്‍ ജിഷയോ അമ്മയോ എത്താന്‍ സാധ്യതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥാപനത്തിനു സമീപം നിരവധി അന്യസംസ്ഥാനക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ തങ്ങുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കൊല ചെയ്യപ്പെട്ട അന്ന് ജിഷ പുറത്തുപോയതായി വിവരം ലഭിച്ചിട്ടില്ല. അമ്മ രാജേശ്വരി നേരത്തേ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഈ കവര്‍ കൊലയാളിയുടേതാണെന്ന നിഗമനത്തില്‍ എത്തിയത്.
ഇളം പച്ച പിടിയോട് കൂടിയതും സ്ഥാപനത്തിന്റെ പേര് ഇരുവശത്തും പ്രിന്റ് ചെയ്തതുമായ വെള്ളയും പല നിറങ്ങളും ചേര്‍ന്ന തുണി സഞ്ചിയാണ് ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ചത്. ഇതിന്റെ ഇരുവശങ്ങളിലും അടിയിലും രക്തക്കറ പുരണ്ടിരുന്നു. അസ്വാഭാവികമായ രീതിയിലാണ് കവര്‍ വച്ചിരുന്നത് എന്നതിലും ദുരൂഹതയുണ്ട്.
ജിഷയുടെ വീടുപണിയുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ക്ക് പണിക്കൂലി നല്‍കാനുണ്ടെന്നും വാക്കുതര്‍ക്കം പതിവായിരുന്നെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. ജിഷ കൊല ചെയ്യപ്പെട്ടത് വൈകിട്ട് 5.30നു ശേഷമാണ്. ഈ സമയത്താണ് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ജോലി അവസാനിപ്പിക്കുന്നത്. ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച ചോര പുരണ്ട സ്ലിപ്പോണ്‍ ചെരുപ്പില്‍ സിമെന്റ് പറ്റിപ്പിടിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. മുപ്പത്തഞ്ച് തൊണ്ടി സാധനങ്ങളില്‍ എഴുപത്തഞ്ച് ശതമാനവും കെട്ടിട നിര്‍മാണ സാധനങ്ങളാണെന്നതും പോലീസിനെ കുഴക്കുന്നു. ജിഷ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം ബംഗാള്‍ സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളി പിടിയിലായിരുന്നു. ഇയാളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല.
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് തൊണ്ടിസാധനങ്ങള്‍ കണ്ടെത്തുന്നതിലും ഹാജരാക്കുന്നതിലും പോലീസിനു ഗുരുതര വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കൊല നടന്നത് ഏപ്രില്‍ 28 നും ചെരുപ്പു കണ്ടെത്തുന്നത് ഈ മാസം രണ്ടിനുമാണ്.
സംഭവസ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയ ചെരുപ്പ് കോടതിയില്‍ ഹാജരാക്കിയത് രണ്ടു ദിവസം കഴിഞ്ഞാണ്. ജിഷയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് പകുതി മടക്കിയ ഒരു പുല്‍പായ ഉണ്ടായിരുന്നുവെന്നും അതിനകത്ത് തലയണയ്ക്കുള്ളില്‍ ഒരു വാക്കത്തി ഉണ്ടായിരുന്നുവെന്നും മഹസറില്‍ പറയുന്നു. 48 സെന്റിമീറ്റര്‍ നീളമുള്ള വാക്കത്തിയാണ് കണ്ടെത്തിയത്. ജിഷയുടെ ചോരക്കറ 1.8 മീറ്റര്‍ ഉയരത്തില്‍ തെറിച്ചുവെന്നും പോലീസ് രേഖകളില്‍ പറയുന്നു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിന് സമീപം മുന്‍പ് താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്. ബംഗളുരുവില്‍ വച്ചാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലയാളിയാണെന്നാണു സൂചന. മൊബൈല്‍ ടവര്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജിഷ വധക്കേസില്‍ പോലീസ് പുതിയ രേഖാചിത്രം തയാറാക്കി. ഇതരസംസ്ഥാനക്കാരന്റേതെന്ന് തോന്നിക്കുന്നതാണ് ചിത്രം. സുരക്ഷാ കാരണങ്ങളാല്‍ രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തില്ല.
Post Your Comments