ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( കൃത്രിമ ബുദ്ധി). ഫെയ്‌സ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല എന്നിവരെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്നാലെയാണ്. ഈ മേഖലയില്‍ മൈക്രോസോഫ്റ്റ് നേരത്തെ തന്നെ വ്യക്തമായ നീക്കം നടത്തികഴിഞ്ഞു. പിച്ചൈയും സുക്കര്‍ബര്‍ഗും അവരുടെ പുതിയ പദ്ധതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളത്തെ ലോകം കംപ്യൂട്ടറുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിവൈസുകളുടേതായിരിക്കും എന്നാണ് സുന്ദര്‍ പിച്ചൈ പറഞ്ഞത്. മനുഷ്യന്‍ ജോലികള്‍ കുറച്ച് അതെല്ലാം യന്ത്രങ്ങളെ ഏല്‍പിക്കുക. അതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഒരു പോരാട്ടമായിരിക്കും അത്. വന്‍കിട കമ്പനികള്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിവൈസുകള്‍ കൊണ്ടുവരുന്നതോടെ നാളത്ത ദിനം നേട്ടങ്ങളുടേതോ ദുരന്തങ്ങളുടേതോ ആയിരിക്കാം.
കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍വരിക മനുഷ്യരാശിയെ തകര്‍ക്കാനെത്തുന്ന യന്ത്രങ്ങളുമായുള്ള യുദ്ധമായിരിക്കും. സയന്‍സ് ഫിക്ഷന്‍ കഥകളിലൂടെയും സിനിമകളിലൂടെയും പ്രചരിച്ചുറച്ചുപോയ സങ്കല്‍പം മാത്രമാണ്. ഇപ്പോള്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറിയും കുറഞ്ഞുമുള്ള സാന്നിധ്യമുണ്ട്. പലകാര്യങ്ങളിലും നമ്മെ സഹായിക്കുന്ന ആപ്പുകളായ അലെക്‌സ, കോര്‍ട്ടാന, സിരി തുടങ്ങി സ്വയം ഓടിക്കുന്ന കാറുകള്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉദാഹരണങ്ങളാണ്.
1956ലാണ് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദപ്രയോഗമുണ്ടായത്. തീരുമാനങ്ങളെടുക്കുന്നതിനും സംസാരം മനസിലാക്കുന്നതിനും ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ക്കും പ്രാപ്തമായ യന്ത്രങ്ങളെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആദ്യഘട്ടങ്ങളില്‍ കഥകളിലും നോവലുകളിലും സിനിമകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ശ്രദ്ധേയമായ പുരോഗതി നേടിയത്.
ഐബിഎമ്മിന്റെ ഡീപ്പ് ബ്ലൂ കംപ്യൂട്ടര്‍ ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ തോല്‍പ്പിച്ചതായിരുന്നു മനുഷ്യന് മേല്‍ കംപ്യൂട്ടര്‍ നേടിയ ആദ്യത്തെ ശ്രദ്ധേയമായ വിജയം. ഇന്ന് കാണുകയും കേള്‍ക്കുകയും പ്രത്യേക വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ നിലവിലുണ്ട്. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൈകോര്‍ത്തു പിടിച്ച് ഭാവിയില്‍ വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക രംഗങ്ങളില്‍ അദ്ഭുതങ്ങള്‍ രചിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഏറെ വൈകാതെ വാഹനങ്ങള്‍ സ്വയം നിയന്ത്രിക്കുമെന്നും വീട്ടുജോലിക്കും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നതിനുമെല്ലാം റോബോട്ടുകള്‍ സാധാരണമാകുമെന്നും പല റിപ്പോര്‍ട്ടുകളുമുണ്ട്.
ഇവിടെയെല്ലാം പ്രധാന ചോദ്യമായി ഉയരുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് മാനവരാശിയുടെ ശത്രുവോ മിത്രമോ എന്നതാണ്. സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്‌സ്, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങി ലോകപ്രസിദ്ധര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യത മുന്‍കൂട്ടി പ്രവചിച്ചവരാണ്. ഇവരുടെ പ്രവചനങ്ങള്‍ ലോകത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്നതും സത്യമാണ്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
Post Your Comments