ന്യൂഡല്‍ഹി: ഇന്നലെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ “സേവ് ഡെമോക്രസി (ജനാധിപത്യത്തെ രക്ഷിക്കൂ)” മാര്‍ച്ചില്‍ നിറഞ്ഞുനിന്ന പാര്‍ട്ടിയിലെ കുടുംബാധിപാത്യത്തിന്‍റെ ശക്തമായ തെളിവുകള്‍ അവര്‍ക്കു തന്നെ പാരയായിരിക്കുകയാണ്.
സാധാരണയായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജാഥകളില്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കളുടെ പോസ്റ്ററുകള്‍ അണികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരുടെ ചിത്രങ്ങളായിരുന്നു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്. ഇതുവരെ പാര്‍ട്ടിക്കുവേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുകയോ, സാധാരണക്കാരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലാത്ത റോബര്‍ട്ട് വദ്രയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് ഉന്നതനേതാക്കളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു.
പല അനധികൃത സ്ഥല-ബിസിനസ് ഇടപാടുകളിലും കുറ്റാരോപിതനായ വദ്ര ഉടന്‍തന്നെ കോണ്‍ഗ്രസില്‍ ഒരു ഉന്നതസ്ഥാനം വഹിച്ചുകൊണ്ട് സജീവരാഷ്ട്രീയത്തിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ, ജനാധിപത്യത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ ഗാന്ധി കുടുബത്തിലെ അംഗങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടി ഉന്നയിച്ച ആവശ്യത്തെത്തന്നെ തുരങ്കം വയ്ക്കുന്ന നടപടിയായിപ്പോയി. പാര്‍ട്ടിയിലെ ഒരുപറ്റം നേതാക്കള്‍ക്ക് ഇതേപ്പറ്റി കടുത്ത അമര്‍ഷം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഗസ്റ്റ വെസ്റ്റ്ലാന്‍റ് വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതിരോധങ്ങള്‍ ഒന്നൊന്നായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാളിപ്പോയതിന്‍റെ ക്ഷീണം തീര്‍ക്കുകയും, തത്ക്കാലം ജനശ്രദ്ധ ഒന്നു തിരിച്ചു വിടുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍, എതിര്‍കക്ഷികളുടെ കോണ്‍ഗ്രസിനെതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്നായ കുടുംബവാഴ്ചയുടെ പ്രത്യക്ഷ തെളിവുകള്‍ നിറഞ്ഞു നിന്നത് പാര്‍ട്ടിക്കും നേതൃത്വത്തിനും മൊത്തത്തില്‍ നാണക്കേടായിട്ടുണ്ട്.
തനിക്ക് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്ത് വന്ന് സജീവരാഷ്ട്രീയത്തിലെക്കിറങ്ങാന്‍ താത്പര്യമുണ്ടെന്ന് വദ്ര പലതവണ അറിയിച്ചിട്ടുണ്ടെങ്കിലും, അയാളുടെ പേരിലുള്ള ഗുരുതര ആരോപണങ്ങളേയും, കുടുംബ വാഴ്ച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച വരും എന്ന ഭയത്തേയും മുന്‍നിര്‍ത്തി അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു ഇതുവരെ. ഇതുമനസ്സിലാക്കിയ വദ്ര തന്‍റെ വിശ്വസ്തനും പാര്‍ട്ടിയുടെ ഒരാശ്രിതനുമായ ജഗദീഷ് ശര്‍മ്മയെക്കൊണ്ട് മനപ്പൂര്‍വ്വം ഒപ്പിച്ച ഒരു പണിയാണോ ഇതെന്ന് സംശയിക്കുന്നവരും ഉണ്ട്. കാരണം, ഇന്നലെ നടന്ന ജാഥയുടെ പോസ്റ്ററുകള്‍ തയാറാക്കിയത് ജഗദീഷ് ശര്‍മ്മ ആയിരുന്നു.
വദ്രയെ പാര്‍ട്ടിയില്‍ സജീവമാകുന്നതില്‍ നിന്ന് തടയുക എന്ന പാര്‍ട്ടി നേതൃത്വത്തിന്‍റെ തന്ത്രം ഇന്നലത്തെ സംഭവത്തോടെ പാളിപ്പോയി എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സമ്മതിച്ചു. തന്നെ ഇങ്ങനെ അകറ്റി നിര്‍ത്തുന്നതില്‍ വദ്രയ്ക്ക് ഏറിവരുന്ന അസ്വസ്ഥതയും ഇതോടെ വെളിവായി.
ഏതായാലും ബിജെപി ഈ അവസരം നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു.
“കോണ്‍ഗ്രസിലെ കുടുംബാധിപത്യം പൂര്‍ണ്ണമാക്കുക എന്ന ലക്ഷ്യത്തിന്‍റെ സാധൂകരണമാണ് ഇന്നലത്തെ ജാഥയില്‍ വദ്രയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത് സൂചിപ്പിക്കുന്നത്. ജനാധിപത്യ ജാഥ എന്ന് കോണ്‍ഗ്രസ് ഇന്നലത്തെ പരിപാടിക്ക് പേരിട്ടത് തന്നെ ഒരു വിരോധാഭാസമായിപ്പോയി. ഗാന്ധി കുടുംബത്തിന് പാര്‍ട്ടിയിന്മേലുള്ള ആധിപത്യമാണ് പോസ്റ്ററുകളില്‍ നിന്ന് വെളിവാകുന്നത്. ജാഥയില്‍ പങ്കെടുത്തവര്‍ എവിടെ തിരിഞ്ഞു നോക്കിയപ്പോഴും കാണാന്‍ സാധിച്ചത് ഒരു കുടുംബത്തിന്‍റെ മാത്രം ചിത്രങ്ങളും പോസ്റ്ററുകളും,’ ടെലികോം മിനിസ്റ്റര്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങളില്‍ ഇതിനെതിരെ മുറുമുറുപ്പുകള്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും, ഇത്തരം പക്ഷപാതപരമായ നടപടികളെ സധൈര്യം ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കും ഇപ്പോഴും ഇല്ല എന്നുതന്നെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
Post Your Comments