പാലക്കാട് : മറ്റൊരു ജിഷയുടെ അമ്മയായി മാറാതിരിക്കാന്‍ ഒരമ്മയുടെ വിലാപം. സുരക്ഷിതമായ ഒരു വീടില്ലാത്തതിനാലായിരുന്നു പെരുമ്പാവൂരില്‍ ജിഷ ക്രൂരമായി കൊല്ലപ്പെടാന്‍ ഇടയാക്കിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇതേ സാഹചര്യത്തില്‍ രണ്ടു പെണ്‍മക്കളുമായി ഭീതിയോടെ കഴിയുന്ന ശാന്ത എന്ന അമ്മയും അടച്ചുറപ്പുള്ള ഒരു വീടാണ് ഭരണാധികാരികളോട് ആവശ്യപ്പെടുന്നത്.
മലമ്പുഴ മൂന്നാംവാര്‍ഡില്‍ താമസിക്കുന്ന ശാന്തമ്മയ്ക്കും പെണ്‍മക്കള്‍ക്കും സമാധാനമായി കിടക്കാന്‍ ഒരു നല്ല വീടില്ല. പഞ്ചായത്ത് ജനപ്രതിനിധികളൊക്കെ ഇടതുപക്ഷക്കാരായതിനാല്‍ യു.ഡി.എഫുകാര്‍ ഇവിടുത്തുകാരുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വന്നപ്പോള്‍ മറ്റ് പലരും അപേക്ഷിക്കുകയും സഹായം ലഭിക്കുകയും ചെയ്‌തെങ്കിലും ശാന്തമ്മയുടെ കാര്യം അന്വേഷിക്കാന്‍ പഞ്ചായത്തംഗങ്ങള്‍ താല്‍പര്യം കാണിച്ചില്ല.
നല്ലൊരു ശുചിമുറിയോ, കുളിമുറിയോ, അടച്ചുറപ്പുള്ള മുറിയോ ഇല്ലാത്ത സ്വന്തം വീടിന് മുന്‍പില്‍ തന്റെ പെണ്‍മക്കളുമായി നില്‍ക്കുന്ന ഈ അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്ഥലം എംഎല്‍എ പ്രതിപക്ഷനേതാവാണെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടുക എളുപ്പമല്ല. അതിനാല്‍ അദ്ദേഹം വഴിയുള്ള പരിഹാരശ്രമം തുടക്കത്തിലെ പാളിയിരുന്നു. വി.എസ് മണ്ഡലത്തിലെത്തുന്നത് വര്‍ഷത്തില്‍ ചുരുക്കമായി മാത്രമാണ്. എം.പിയും എംല്‍എയും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹിത്വവുമൊക്കെ എല്‍.ഡി.എഫിനാണ്. സിപിഐ അംഗമായ സാലി വര്‍ഗീസാണ് പഞ്ചായത്തംഗം. സിപിഎമ്മിന്റെ കാഞ്ചന സുദേവന്‍ ആണ് ബ്ലോക്ക് പഞ്ചായത്തംഗം. സ്ഥലം എംപി സിപിഎമ്മിന്റെ എം.ബി രാജേഷ് ആണ്.
Post Your Comments