കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ ദക്ഷിണ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി നിയമസഭാ മണ്ഡലത്തിലെ ആദ്യ ഭിന്നലിംഗക്കാരിയായ പ്രിസൈഡിങ് ഓഫിസറായി റിയ സര്‍ക്കാര്‍ എന്ന സ്കൂള്‍ അധ്യാപിക ചരിത്രം സൃഷ്ടിച്ച . സൗത്ത് സിറ്റി ഇന്റര്‍നാഷനല്‍ സ്കൂളിലെ 260-ാം ബൂത്താണ് റിയ സര്‍ക്കാര്‍ നിരീക്ഷിച്ചത്. 2014ലാണ് പങ്കജ് സര്‍ക്കാര്‍ ആയിരുന്ന റിയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി റിയ സര്‍ക്കാര്‍ ആയത് . ഇന്ന് ഡം ഡം പ്രചായ ബാനി മാണ്ഡി സ്കൂളിലെ ചരിത്ര അധ്യാപികയാണവര്‍.
ഇതു തനിക്കു മാത്രം ലഭിച്ച അംഗീകാരമല്ലെന്നും ഭിന്നലിംഗ വിഭാഗത്തിനു ലഭിച്ച അംഗീകാരമായി കണക്കാക്കുന്നതായും റിയ സര്‍ക്കാര്‍ അറിയിച്ചു. സന്തോഷവും ഒപ്പം അഭിമാനവും തോന്നുന്നതായി അവര്‍ പറഞ്ഞു. ജീവിതത്തില്‍ മുഴുവന്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കു പാത്രമായിക്കൊണ്ടിരുന്ന തനിക്ക് ഇത് ആത്മവിശ്വാസം പകരുന്നതായി സര്‍ക്കാര്‍ അറിയിച്ചു. തന്നെപ്പോലെയുള്ളവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുമ്പോള്‍ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ സ്മിത പാണ്ഡേയാണ് ധൈര്യപൂര്‍വം വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ പ്രാപ്തയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments