കോളറാഡോ (യു.എസ്): ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക് ഇരയായത്.
2015 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ പരസ്യം കണ്ട് ലേനിന്റെ ലോങ്‌മോണ്ടിലെ വീട്ടിലെത്തിയതായിരുന്നു ഏഴ് മാസം ഗര്‍ഭിണിയായിരുന്ന വില്‍കിന്‍സ്. അവിടെ വെച്ച് ലേന്‍ വില്‍കിന്‍സിനെ മര്‍ദ്ദിക്കുകയും കുത്തുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയം ചെയ്തു. ആക്രമിക്കപ്പെട്ട വില്‍കിന്‍സ് അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ചിട്ട് എമര്‍ജന്‍സി നമ്പര്‍ 911ല്‍ വിളിച്ചു. അധികൃതര്‍ എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്. വില്‍കിന്‍സിന്റെ പെണ്‍കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു.
താന്‍ ഗര്‍ഭിണിയാണെന്നു ലേന്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നു. സംഭവദിവസം ഭര്‍ത്താവിനോടൊപ്പം ഡോക്ടറെ കാണാന്‍ നിശ്ചയിച്ചിരുന്നതുമാണ്. സംഭവത്തെ കുറിച്ച് ലേനിന്റെ ഭര്‍ത്താവ് റിഡ്‌ലി പറയുന്നത് ഇങ്ങനെ, ”അന്ന് ഡോക്ടറെ കാണാനുണ്ടെന്ന് ലേന്‍ പറഞ്ഞതനുസരിച്ച് നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭം അലസിയ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ലേനിനെയാണ് കണ്ടത്. ഗര്‍ഭം അലസിയെന്നും കുഞ്ഞ് മുകളിലത്തെ ബാത്ത്ടബ്ബില്‍ ഉണ്ടെന്നും ലേന്‍ പറഞ്ഞു. ബാത്ത്‌റൂമിലേക്ക് ചെന്നുനോക്കിയപ്പോള്‍ അവിടെ ബാത്ത്ടബ്ബില്‍ കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിന് ശ്വാസമുണ്ടാെന്ന് മനസിലായപ്പോള്‍ പെട്ടെന്ന് തന്നെ ടവലില്‍ പൊതിഞ്ഞ് കുഞ്ഞിനെയും ലേനിനെയും കൊണ്ട് ആശുപത്രിയിലെത്തിച്ചു. വീടിനുള്ളില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ രക്തത്തില്‍ വാര്‍ന്ന് കിടക്കുന്ന വിവരം അറിയില്ലായിരുന്നു”. എന്നാല്‍ ആശുപത്രിയിലെത്തിയ ലേന്‍ തന്നെ പരിശോധിക്കാന്‍ സമ്മതിച്ചില്ല. ലേനിന് രക്തസ്രാവമോ പ്രസവം കഴിഞ്ഞതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments