റാഞ്ചി: വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ പരീക്ഷയ്ക്കിടെ പ്രസവിച്ചു. ജാര്‍ഖണ്ഡ് ഗിരിധിക് ജില്ലയിലെ ധന്‍വാര്‍ ആദര്‍ശ് കോളേജിലെ അവസാന വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനി ഭാരതി കുമാരി(23)യാണ് പരീക്ഷാഹാളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗിരിധിക് ജിത്കുഡി സ്വദേശിയായ ഭാരതി കുമാരിയുടെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാസെന്ററിലാണ് പരീക്ഷയ്ക്കിടെ പ്രസവം നടന്നത്.
പരീക്ഷ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രസവവേദന തുടങ്ങിയതോടെ വിദ്യാര്‍ത്ഥിനിയെ മറ്റൊരു ക്ലാസ് മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അധികൃതര്‍ വിളിച്ചുവരുത്തിയപ്പോഴേയ്ക്കും ഭാരതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷവും പരീക്ഷയെഴുതാന്‍ തയ്യാറായ വിദ്യാര്‍ത്ഥിനിക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ സമയം അധികൃതര്‍ അനുവദിച്ചു. പരീക്ഷയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments