NewsInternationalGulf

തൊഴില്‍ കേസുകള്‍ക്കായി ഒമാനില്‍ പുതിയ കോടതി

മസ്‌കറ്റ്: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മാനവവിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സൈദ് സലീം അല്‍ സാദിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
 
ജീവനക്കാരുടെ അവകാശവും ക്ഷേമവും ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായാണ് പുതിയ കോടതി സ്ഥാപിക്കാന്‍ ആലോചിക്കുന്നതെന്നും സൈദ് സലിം അല്‍ സാദി വ്യക്തമാക്കുന്നു. എന്നാല്‍, കോടതി എന്ന് സ്ഥാപിക്കുമെന്നത് പറയാന്‍ കഴിയില്ല. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരുകയാണെന്നും അല്‍ സാദി പറഞ്ഞു.
 
ഒമാനില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി നിലവിലില്ല. സാധാരണ കോടതികളിലാണ് ഇത്തരം കേസുകള്‍ പരിഗണിക്കാറ്. കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴില്‍ കേസുകളുടെ എണ്ണത്തില്‍ 483 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കണക്കുകള്‍ പറയുന്നത്. 2012ല്‍ 37 കേസുകളുണ്ടായിരുന്നത് 2014ല്‍ 216 കേസുകളായി ഉയര്‍ന്നു. പുതിയ തൊഴില്‍നിയമത്തിന്റെ കരടില്‍ തൊഴില്‍തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതി എന്നതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്‍ വക്താവ് പറഞ്ഞു. ഇത് നിയമകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button