KadhakalLiterature

കഥ- കുറുക്കുവഴി

മണി എസ് തിരുവല്ല

‘ കൊക്കരക്കോ ….’ താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം….
സുഖനിദ്രക്കു ഭംഗം വരുത്തിയതിനു കോഴിയോടുള്ള ദേഷ്യം തെല്ലൊന്നുമല്ല….. .കണ്ണുകൾ തുറന്നു.ഈ പട്ടണത്തിൽ എവിടെയാ കോഴി? ഓ ..നിയമസഭാ മന്ദിരവും എം എൽ ഏ ഹോസ്റ്റലും അടുത്തുണ്ടെന്ന കാര്യം ഞാനങ്ങു മറന്നു .
ഇന്നെന്തെങ്കിലും ഒന്നെഴുതണം …കഥയോ ലേഖനമോ….ഏതെങ്കിലും ഒരു മാസികയിൽ പ്രസിദ്ധീകരിക്കാതിരിക്കില്ല…..പക്ഷേ ആരു വായിക്കാൻ ? ഇപ്പോൾ ആർക്കും വായനാശീലമില്ലല്ലോ . എഴുത്തുകാരൻ എന്നു പറഞ്ഞു നടക്കുന്ന എനിക്കുമില്ല വായനാശീലം . പിന്നെ പുതിയ തലമുറ …അവർ ആംഗലേയ സാഹിത്യത്തിനു അടിമകളാണല്ലോ . എൻറെ ചിന്തകൾക്ക് ചൂടു പിടിച്ചു. ഞാൻ ഒരുപാട് കഥകളും ലേഖനങ്ങളുമെഴുതി . എന്നിട്ടും ഞാനെന്തേ പ്രശസ്തനായില്ല ? എനിക്കു പ്രശസ്തനാവണം . അതിനെന്താ ഒരു വഴി ? സുഹൃത്തുക്കളുടെ ഉപദേശം തേടി . അവർ പല വഴികളും നിർദ്ദേശിച്ചു. ഒന്നും എനിക്കു സ്വീകാര്യമായില്ല . പക്ഷേ അവസാനം പറഞ്ഞതു……അതു തമാശയ്ക്കാണെങ്കിലും …അതെൻറെ മനസ്സിൽ പതിഞ്ഞു ..ഈ ടിവിയിലൊക്കെ നിത്യവും പ്രത്യക്ഷപ്പെടുന്ന സുപ്രസിദ്ധയായ (അതോ കുപ്രസിദ്ധയോ …) സംഗീതയെ ഒന്നു ചെന്നു കാണുക….വഴി തെളിയും .
സംഗീതയെ അറിയില്ലേ ? സൌരോർജ്ജത്തിലൂടെ കരുത്തേറി , ഭരണവർഗ്ഗത്തിനു ചൂടു പകർന്നു, അവരെ കോടികൾ കൊണ്ടു പുതപ്പിച്ച മാടകത്തിടമ്പ്….!!! തന്നേപീഡിപ്പിച്ചവരുടെ ഒരുനീണ്ടലിസ്റ്റുതന്നെ കൈയ്യിലുണ്ടെന്നവർ അവകാശപ്പെടുന്നു. ഇപ്പോൾ സിനിമാ താരവും കൂടിയാണ് .. പിന്നെ വേറൊന്നും ആലോചിച്ചില്ല. അടുത്ത ദിവസം രാവിലെ തന്നെ പുറപ്പെട്ടു . ലക്ഷ്യം സംഗീത ഭവനം…!!! .

കോളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കപ്പെട്ടു . അതാ സാക്ഷാൽ സംഗീത…!!!
ഇന്നുവരെ ഒരു പെണ്ണിന്റെയും മുഖത്തു നോക്കിയിട്ടില്ലാത്ത ഞാൻ ഒരു നിമിഷം സകലതും മറന്നങ്ങനെ നോക്കി നിന്നുപോയി .
” ആരാ ….എന്താ ..”
ഒന്നു പതറിയെങ്കിലും സമനില വീണ്ടെടുത്തു .
” ഞാനൊരെഴുതതുകാരനാണ് “……വിസിറ്റിംഗ് കാർഡു കൊടുത്തു .
” ഓ,സിനിമയ്ക്കു കഥ പറയാൻ വന്നതാവും.. വരൂ ..”
ഹസ്തദാനം നടത്തിയപ്പോൾ കൈകളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു
കസേരയിലമർന്ന ഞാൻ വന്ന കാര്യം പറഞ്ഞു . “എനിക്ക് പ്രശസ്തനാവണം .. അതുകൊണ്ടു എന്റെ പേരുകൂടെഒന്നു വിളിച്ചു പറയണം..” ഇത്തവണ വായ്‌ പൊളിച്ചത് അവരാണ് .
” ഈശ്വരാ…….. എന്റെ പേരു പറയല്ലേ, എന്റെ പേരു പറയല്ലേ എന്ന് പറഞ്ഞാ ഇപ്പോൾ എല്ലാരും എന്നെ സമീപിക്കുന്നേ …ഇതിപ്പോ …”
” പ്ലീസ്, എന്റെ അപേക്ഷ തള്ളിക്കളയരുത് ..”
” ശരി, എനിക്കെന്തു തരും?..”
” എത്ര വേണം ..?”
” പത്തു ലക്ഷം….അല്ലെ വേണ്ട…ചീളു കേസ് …ഒരു… ഒരു ലക്ഷം മതി.”
ഒട്ടും അമാന്തിച്ചില്ല …ബാഗു തുറന്നു കാശെടുത്തു വെച്ചു …വീണ്ടും അവർ വായ്‌ പൊളിച്ചു.

വീട്ടിലെത്തിയതും ടിവിയ്ക്കു മുന്നിൽ സ്ഥാനം പിടിച്ചു .ഇത്രയും സത്യസന്ധയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല . അവർ വാക്ക് പാലിച്ചു. എല്ലാ ചാനലിലും എന്റെ പേരു തെളിഞ്ഞു വന്നു.
“എഴുത്തുകാരനായ അയാൾ, സിനിമയ്ക്കുള്ള കഥ പറയാൻ എന്ന് പറഞ്ഞാണ് വീട്ടിൽ വന്നത്. എന്നെ അയാൾ മൃഗീയമായി പീഡിപ്പിച്ചു……”
സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.
മെല്ലെ വീടിനു പുറത്തിറങ്ങി. റോഡിൽ അവിടവിടെയായി ചെറിയ ചെറിയ കൂട്ടങ്ങൾ ..എല്ലാവരും തന്നെ വളരെ അത്ഭുതത്തോടെ നോക്കുന്നു. ചിലർക്കത്ര വിശ്വാസം പോരാ.’കൊച്ചുകള്ളൻ,….ആളു കൊള്ളാമല്ലോ ..’ തുടങ്ങിയ കമന്റുകൾ …അത്ഭുതത്തോടെയും ആരാധനയോടെയും നോക്കുന്ന സ്ത്രീകൾ ..” മിടുക്കനാണല്ലോ ..പൂച്ച പാലു കുടിക്കും പോലെയല്ലേ …” ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. നാടുകാരുടെ മുന്നിൽ വെച്ചു സ്വന്തം ഭർത്താവിനോടു ‘നിങ്ങളേക്കൊണ്ടെന്തിനു കൊള്ളാം മനുഷ്യാ ‘ എന്നു ചോദിച്ചവൾ ….. അവരുടെ കണ്ണുകളിലെ ആർത്തി . ഹോ .!!! യുവതികൾ പലരും അൽപം ആരാധനയോടെയാണ്എന്നെ നോക്കുന്നത്. വിവരം വെച്ചു തുടങ്ങിയ സ്കൂൾ പെൺകുട്ടികളുടെ കണ്ണുകളിലും കുസൃതി . ഉപദേശകരായ സുഹൃത്തുക്കളും എത്തി . വലിയ ഗമയിൽ നിന്നു …അവർക്കും ഇതിലെന്തോ പങ്കുള്ളതു പോലെ .
പെട്ടെന്നു കുറേ വണ്ടികൾ വീട്ടു മുറ്റത്തു വന്നു നിന്നു. പോലീസായിരിക്കുമെന്നാണ് ആദ്യം കരുതിയത്‌ . അത്ഭുതം ..ചാനലുകാർ ..സംഭവം പീഡനമല്ലേ ….അവർക്കു ചാകര ….അവർ പടപടാന്നു ക്യാമറ സെറ്റ് ചെയ്തു . മൈക്കുംപിടിച്ചു കൊണ്ട് കൊച്ചു പെമ്പിള്ളേർ മുന്നിലേക്കു കടന്നു വന്നു.” എവിടെവെച്ചായിരുന്നു …..എങ്ങിനെയായിരുന്നു എന്നൊന്നു വിശദീകരിക്കാമോ ..?” അങ്ങിനെ പോകുന്നു ചോദ്യങ്ങൾ . എല്ലാ ചാനലുകളിലും ലൈവ് ടെലികാസ്റ്റ് …കഥകൾക്കായി സിനിമാ സീരിയലുകാരുടെ നീണ്ട നിര……ധാരാളം പണവും പ്രശസ്തിയും …അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയിൽ നില്ക്കവേ …

‘കൊക്കരക്കോ …’ ഞെട്ടിയുണർന്നു ..മൊബൈലിലെ അലാറം ശബ്ദിച്ചതാണെന്നു മനസ്സിലാക്കാൻ അധികസമയം വേണ്ടിവന്നില്ല.
പണവും പ്രശസ്തിയും നേടാൻ കുറുക്കുവഴികൾ തേടുന്നവർ നിരവധി ….പ്രത്യേകിച്ചും പുതിയ തലമുറ…..അവരുടെ മുഖത്തു കാർക്കിച്ചു തുപ്പുന്നവർ എത്രയോ ഉണ്ടാവും …തീരെ വില കുറഞ്ഞ ഈ വഴികൾ തൻറെ സ്വപ്നത്തിൽ പോലും കടന്നുവരാൻ പാടില്ലായിരുന്നു .. ഛെ….!!!
ദൈവമേ , എല്ലാവർക്കും നല്ല ബുദ്ധി നൽകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മെല്ലെ കിടക്ക വിട്ടെഴുന്നേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button