തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ആരോപണം തള്ളി കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്.സോഷ്യല്‍ മീഡിയയിലും വാട്സ്‌ആപ്പിലും മുകേഷിനെതിരെ ഈ ആരോപണം പ്രചരിക്കുന്നുണ്ട്. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഫേസ്ബുക്കില്‍ വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയത്.
മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും മറ്റും തെറ്റായ ഒരു വാര്‍ത്ത പ്രചരിക്കുന്നത് കണ്ടു.”മുകേഷ് 6 ലക്ഷം രൂപ വാങ്ങിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിച്ചത് “എന്ന്.സത്യത്തില്‍ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാന്‍ കാരുണ്യയുടെ പരസ്യത്തില്‍ അഭിനയിച്ചത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. ശ്രീമതി സന്ധ്യ രാജേന്ദ്രന്‍ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. 6 ലക്ഷത്തിനു 6 പരസ്യങ്ങള്‍ ചെയ്യുവാന്‍ ആയിരുന്നു ലോട്ടറി ഡിപ്പാര്‍ട്ടുമെന്റുമായുള്ള കരാര്‍. ലോട്ടറി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിയമപ്രകാരം പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ആദ്യപരസ്യത്തില്‍ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവര്‍ എന്‍റെ പേരില്‍ 6 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.ഇതിന്‍റെ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ ആയിരുന്ന ശ്രീ ബിജു പ്രഭാകര്‍ IAS ലോകായുക്തയ്ക്ക് അപ്പോള്‍ തന്നെ നല്‍കുകയുണ്ടായി.സംശയമുള്ള ആര്‍ക്കുവേണമെങ്കിലും ആ രേഖകള്‍ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാല്‍ പരിശോധിക്കുവാന്‍ സാധിക്കും.
Post Your Comments