ഗൂഡല്ലൂര്‍: മുന്‍ കേന്ദ്രമന്ത്രിയും നീലഗിരി എം.പിയുമായിരുന്ന എ. രാജയുടെ വാഹനത്തിനുനേരെ കോത്തഗിരിയില്‍ വോട്ടര്‍മാര്‍ ചെരിപ്പെറിഞ്ഞപ്പോള്‍ ഗൂഡല്ലൂരില്‍ കാത്തിരുന്നത് വന്‍ സ്വീകരണം. ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കൂനൂര്‍, ഗൂഡല്ലൂര്‍ മണ്ഡലങ്ങളില്‍ കൂനൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നിലവിലുള്ള പ്രതിഷേധമാണ് ചെരിപ്പേറില്‍ കലാശിച്ചത്. കൂനൂരില്‍ ഡി.എം.കെ നീലഗിരി ജില്ലാ സെക്രട്ടറിയായ ബി.എം. മുബാറക്കാണ് സ്ഥാനാര്‍ഥി. സിറ്റിങ് എം.എല്‍.എയായ ഡി.എം.കെ മുന്‍ ജില്ലാ സെക്രട്ടറിയും ഖാദി വകുപ്പു മന്ത്രിയുമായിരുന്ന കെ. രാമചന്ദ്രന് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് രാമചന്ദ്രന്‍ അനുകൂലികള്‍ കോത്തഗിരിയിലും കൂനൂരിലും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
എം.എല്‍.എ രാമചന്ദ്രനും പ്രതിഷേധത്തില്‍ പങ്കെടുത്തത് നേതൃത്വത്തെ അമ്പരപ്പിക്കുകയും ചെയ്തു.വെള്ളിയാഴ്ച കോത്തഗിരിയില്‍ മുബാറക്കിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രാജക്കുനേരെ ചെരിപ്പേറുണ്ടായത്. രാമചന്ദ്രനെ അനുകൂലിക്കുന്നവരാണ് ചെരിപ്പും കല്ലും എറിഞ്ഞതെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് യോഗസ്ഥലത്തേക്ക് മറ്റൊരു വഴിയിലൂടെയാണ് പൊലീസ് സുരക്ഷയില്‍ രാജയും മുബാറക്കും എത്തിയത്.
ഈ യോഗത്തില്‍ പങ്കെടുത്ത് ഗൂഡല്ലൂരില്‍ വൈകീട്ട് നടന്ന ഡി.എം.കെ സ്ഥാനാര്‍ഥി അഡ്വ. ദ്രാവിഡമണി എം.എല്‍.എയുടെ പ്രവര്‍ത്തകസമിതി യോഗത്തിന് എത്തിയ രാജക്കും മുബാറക്കിനും കാറില്‍നിന്ന് ഇറങ്ങാന്‍പോലും കഴിയാത്തവിധം പ്രവര്‍ത്തകരുടെയും മറ്റും ‘സ്‌നേഹം’ ഏറ്റുവാങ്ങേണ്ടിവന്നു. തിരക്കിനെ തുടര്‍ന്ന് കുറച്ചുനേരം കാറില്‍ത്തന്നെ ഇരുന്നശേഷമാണ് രാജ വേദിലിലേക്ക് കടന്നത്. രാജയെ തൊടാനും അഭിവാദ്യം നല്‍കാനുമായിരുന്നു തിരക്ക്. സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതിയാണെന്നതുപോലും പ്രശ്‌നമാക്കാതെ ഹീറോ പരിവേഷം നല്‍കിയാണ് നാട്ടുകാര്‍ ആവേശം പ്രകടിപ്പിച്ചത്.
Post Your Comments