അടുത്തിടെ വൈറലായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.തിരക്കേറിയ ടെക്കികള്‍ തങ്ങളുടെ വായനാനുഭവം പങ്കുവയ്ക്കുന്നു.തിരക്കുകളുടെ ഈ കാലത്തും ആഴ്ച്ചയില്‍ മൂന്നോ നാലോ പുസ്തകങ്ങള്‍ വായിയ്ക്കുന്നവരുണ്ട് അവര്‍ക്കിടയില്‍.വായന മരിയ്ക്കുന്നു എന്ന പരാതികളെ ഇവര്‍ തള്ളിക്കളയുന്നു എന്നത് പുസ്തകങ്ങളുടെ സ്വാധീനം കാലാതീതമായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ്.
പുസ്തകം കയ്യിലേന്തി വായിയ്ക്കുന്നതിന്റെ സുഖം ഇ- വായനയ്ക്കില്ല എന്ന് സാങ്കേതികവിദ്യയുടെ വക്താക്കളായ അവര്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്.വായിയ്ക്കുന്നവര്‍ക്ക് വായന കാല്‍പ്പനികമായ ഒരു പ്രക്രിയയാണ്.എങ്ങനെയെങ്കിലും വായിച്ചാല്‍ പോരെ എന്ന്‍ വാദിയ്ക്കാമെങ്കിലും നെഞ്ചോടു ചേര്‍ത്തുവച്ച ഒരു പുസ്തകത്തിന്‍റെ സൌഹൃദം അനിര്‍വ്വചനീയമായ അനുഭവമാണ്.മറ്റൊന്നിലും കിട്ടാത്ത എന്തോ ഒന്ന് താളുകള്‍ക്കിടയിലെ ആ പ്രത്യേക ഗന്ധത്തിനുണ്ട്.വായനയിലൂടെ ബാല്യത്തിന്റെ കൌതുകത്തെ ഒരു ആകര്‍ഷകമായ വ്യക്തിത്വത്തിലേയ്ക്ക് വളര്‍ത്താനുള്ള അല്ലെങ്കില്‍ ആ വ്യക്തിയെത്തന്നെ നിര്‍വ്വചിയ്ക്കാനുള്ള, നിര്‍ണ്ണയിയ്ക്കാനുള്ള കഴിവുണ്ട് പുസ്തകങ്ങള്‍ക്ക്.
ഇതെല്ലാം പറയുമ്പോഴും പുസ്തകവായനയുടെ ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതില്ല..ഭൌതികമായ നേട്ടങ്ങളുടെ കോപ്പുകൂട്ടലായി വിദ്യാഭ്യാസസമ്പ്രദായം മാറുമ്പോള്‍ അതില്‍ വായനയുടെയും പുസ്തകങ്ങളുടെയും സ്ഥാനം എവിടെയാണെന്ന് അധ്യാപകരും മാതാപിതാക്കളും ചിന്തിയ്ക്കേണ്ടതുണ്ട്.വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു എന്ന മഹത് വചനം സത്യമാണ്.സമ്മാനങ്ങളോടൊപ്പം അവര്‍ക്ക് പുസ്തകങ്ങളും വാങ്ങി നല്‍കൂ.പുസ്തകങ്ങള്‍ അവരുടെ ഭാവനകള്‍ക്ക് പുതിയ വാതിലുകള്‍ തുറക്കട്ടെ..
Post Your Comments