മനാമ: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നഴ്‌സിന്റെ ഗള്‍ഫിലുള്ള സഹോദരി. ചിക്കുവിന്റെ മരണം ഭര്‍ത്താവ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന രീതിയിലാണിപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്ത. ഇത് വാസ്തവ വിരുദ്ധമാണെന്നും ത്തരം വാര്‍ത്തകള്‍ ചിക്കുവിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തെ അതിലേറെ ദുഃഖത്തിലാഴ്ത്തുന്നതാണെന്നും ബഹ്‌റൈനില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരി പറഞ്ഞു. ചില മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
ചിക്കുവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനും നേരിട്ട് അറിയാനും വേണ്ടിയാണ് ഭര്‍ത്താവിനെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ട് (27) എന്ന മലയാളി നഴ്‌സാണ് കഴിഞ്ഞ ബുധനാഴ്ച സലാലയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലുള്ള ചിക്കുവിന്റെ ചെവികളും അറുത്ത് മാറ്റിയിരുന്നു. ചിക്കുവും ഭര്‍ത്താവ് ലിന്‍സണും ഒമാനിലെ ബദര്‍ അല്‍സമാ ആശുപത്രി ജീവനക്കാരാണ്. ലിന്‍സണ്‍ വൈകീട്ട് ആറു മണിയോടെ ജോലിക്ക് പോയി. ആ സമയത്ത് ചിക്കു ഉറങ്ങുകയായിരുന്നു. രാത്രി 10 മണിക്കാണ് ചിക്കുവിനു ജോലിയ്ക്ക് കയറേണ്ടിയിരുന്നത്. എന്നാല്‍ 10.30 ആയിട്ടും ചിക്കു ആശുപത്രിയിലെത്തിയില്ല. മാത്രമല്ല ഫോണ്‍ വിളിച്ചിട്ട് പ്രതികരിച്ചതുമില്ല. ലിന്‍സണ്‍ ഉടന്‍ ഫ്‌ളാറ്റിലേയ്ക്ക് പോയി. ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ തന്നെയാണ് കണ്ടത്. വീട് തുറന്ന് അകത്തു കയറിയ ലിന്‍സണ്‍ കണ്ടത് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. സംഭവസമയം വീട് അകത്തു നിന്നു പൂട്ടിയിരുന്നതിനാല്‍ ബാല്‍ക്കണിയിലൂടെയാവും അക്രമി അകത്ത് കടന്നതെന്നാണ് പൊലിസിന്റെ നിഗമനം. ഫ്‌ളാറ്റിന് സമീപത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളികളെയാണിപ്പോള്‍ പൊലിസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments