സ്മിതിന്‍ സുന്ദര്‍ ; അവനവനോട് തന്നെ കള്ളം പറയുന്ന ലോകത്തിലേ ഒരേ ഒരു ജീവി മനുഷ്യനാണെങ്കിൽ ,
ആ കള്ളം ചോദ്യം ചെയ്യുന്നവനെ ഒക്കെ കള്ളനെന്ന് ചാപ്പ കുത്തുന്ന ഏക ജീവി ഒരുപക്ഷെ മലയാളി മാത്രമാണ്.ഒരു പതിറ്റാണ്ടിനു മേൽ പഴക്കമുള്ള ഒരു വാർത്ത വെറുതെ ഇന്ന് മനസ്സിൽ വന്നു , വെറുതെ എന്ന് പറഞ്ഞാൽ ഭക്ഷണം കഴിച്ച് വയറും തടവി ഇരുന്നപ്പോൾ . അതിങ്ങനെയാണ് –
അശ്രദ്ധ കൊണ്ട് ഒരു സ്കൂൾ മുറിയിൽ കുടുങ്ങിപ്പോയി മരിച്ച ഒരു സ്കൂൾ കുട്ടിയുടെ ജഡം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയപ്പോൾ വയറ്റിൽ സ്കൂൾ ബാഗിന്റെയും , ആ കുഞ്ഞിന്റെ മലത്തിന്റെയും മൂത്രത്തിന്റെയും അംശം കണ്ടെത്തിയിരുന്നു.
തിന്നതാണ്…തിന്നേണ്ടി വന്നതാണ്. വിശന്നതാണ്. സഹായത്തിനെത്താൻ ആരുമില്ലാതെ ദിവസങ്ങൾ ഇരുട്ടിൽ കഴിയുമ്പോൾ പുരോഗമനവാദികളായ മലയാളികൾക്ക് ഭാവനയിൽ മാത്രമുള്ള നീല നിറത്തിലുള്ള സിംഹം കൊന്ന് തിന്നതാണ്.
വിശന്നാൽ ..എന്തും ഭക്ഷണമാകുമെന്നത് പ്രകൃതി നിയമമാണല്ലൊ.
പക്ഷെ ആ പിഞ്ച് കുഞ്ഞ് മരിച്ചു…മലവും പ്ലാസ്റ്റിക്കും തുണിയും തുകലും ഒന്നും ആ വിശപ്പൊടുക്കിയില്ല.മരണം എന്നത് സത്യമെങ്കിൽ ,വിശപ്പിനോളം പോന്ന പരമമായ സത്യം മറ്റെന്തുണ്ട്. യാഥാർത്ഥ്യങ്ങൾ പലതുണ്ടല്ലൊ !കണ്ണൂരിൽ ഒരു ആദിവാസി പെൺ കുട്ടി വിശപ്പ് സഹിക്കുവാൻ ആകാതെ തൂങ്ങി മരിച്ചിരിക്കുന്നു. ശ്രുതിമോൾ (15) എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് വിശപ്പ് താങ്ങാനാവാതെ ജീവനൊടുക്കിയത്.
ഞാൻ അടങ്ങുന്ന മലയാളി സമൂഹം പുരോഗമനവാദികൾ ആണ്. അതിർത്തികൾക്ക് അപ്പുറത്തേക്ക് മാനവികതയുടെ കൊടിക്കൂറയും പേറി നമ്മൾ എന്നും രാവിലേ പാർടി ചാനലുകൾക്കൊപ്പവും പത്രങ്ങൾക്കൊപ്പവും വിലാപങ്ങളുടെ കണ്ണീർച്ചാലുകൾ നീന്തി യാത്ര പോകാറുണ്ട്.അതിർത്തികൾക്കപ്പുറം ഉള്ള എന്ത് പ്രശ്നങ്ങൾക്കും കഴുകി മിനുക്കി കഞ്ഞിപ്പശമുക്കി വെയിലത്തിട്ടുണക്കി കണ്ഠനാളത്തിന്റെ ‘വടക്കെ’ മൂലയിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന ഉശിരൻ പ്രതിഷേധത്തിന്റെ കുപ്പായം വാക്കായും നോക്കായും അക്രമമായും പ്രതിരോധമായും നമ്മൾ എടുത്തണിയും.
മാനവികത-എന്നത് ശരിക്കും തെറ്റിധരിക്കപ്പെട്ട ഒരു പദമാണ്.
ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ട കുതിരയ്ക്ക് വേണ്ടി നമ്മൾ മാനവികതയുടെ നിറമുള്ള പക്ഷം പിടിച്ചിട്ടുണ്ട്. കുതിരയ്ക്ക് മാനുഷിക പരിവേഷം നൽകി കണ്ണീരൊഴുക്കിയിട്ടും ഉണ്ട്. തൃശൂരെ ആനയ്ക്ക് വേണ്ടിയും നമ്മൾ കണ്ണീരൊഴുക്കിയിട്ടുണ്ട്. അതൊക്കെ പരിഷ്കൃത സമൂഹത്തിൽ ഒട്ടും തെറ്റ് പറയാനില്ലാത്ത ശ്ലാഘനീയമായ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ തന്നെയാണ്.
സംശയമില്ല ! പക്ഷെ നമ്മുടെ ലിസ്റ്റിൽ മനുഷ്യരുടെ കൂട്ടത്തിൽ പെടാത്ത ഒരു കൂട്ടരുണ്ട്.
ദളിത് ?ആദിവാസി ?ദളിത് എന്നത് ഒരു സമൂഹിക ഐഡന്റിറ്റിറ്റിയിൽ നിന്ന് രാഷ്ട്രീയ ഐഡന്റിറ്റിയായ് നമ്മൾ മാറ്റിയെടുത്തപ്പോൾ പാതിവഴിയിൽ മറന്ന് വെച്ച ഒരു കൂട്ടമാണ് കേരളത്തിലെ ആദിവാസികൾ. കേരളത്തിനു പുറത്തുള്ള ദളിത് പീഡനങ്ങൾ നമ്മൾ പർവതീകരിച്ച് കാണുമ്പോൾ കേരളത്തിനുള്ളിൽ വിശപ്പ് കൊണ്ട് ഒരുവൾ ജീവനൊടുക്കിയിരിക്കുന്നു.
ഒരു പരിഷ്കൃത സമൂഹത്തിനു എത്രമാത്രം അപമാനകരമാണ് ഒരു പെൺകുട്ടിയെ ഈ നിലയിലേക്ക് വലിച്ചിഴച്ച സാമൂഹിക രാഷ്ട്രീയ ചുറ്റുപാട് എന്ന് ആരും ചോദിക്കരുത്…
ചോദിക്കുന്നവരെ നമ്മൾ വർഗീയവാദിയെന്നൊ….ഫാഷിസ്റ്റെന്നൊ …ഒക്കെ ചാപ്പ കുത്തി വായടപ്പിക്കും.അതിനു നമുക്ക് കഴിവൊന്ന് വേറെ തന്നെയാണ്.
വിശപ്പ് തിന്നു മടുത്ത് തൂങ്ങിമരിച്ച ഒരുവൾ കഴുത്തൊടിഞ്ഞ് ചോദ്യചിഹ്നം കണക്കെ തൂങ്ങി നിൽക്കുന്നുണ്ട് നാടിന്റെ ,പ്രബുദ്ധ മലയാളികളുടെ തലയ്ക്ക് മീതെ…പട്ടിണി കിടന്ന് മരിച്ചു എന്നതിലും ഭീകരമാണ് തീപിടിച്ച അവസ്ഥയാണ് അതിനെ മരണം കൊണ്ട് നേരിടുവാൻ തീരുമാനിക്കുക എന്നത്.
അത് തുറന്നിടുന്ന ഭീകരമായ മറ്റനേകം വസ്ഥുതകളുണ്ട്. വിശപ്പ് രാഹുൽ ഗാന്ധിക്ക് ഒഴികെ മറ്റെല്ലാവർക്കും ജൈവികമായ ഒരു പ്രശ്നം ആണെന്നിരിക്കെ, അത്തരമൊരു പ്രശ്നം ഉണ്ടായിട്ട് ആ കുട്ടിക്കൊ ആകുട്ടിയുടെ കുടുംബത്തിനൊ എന്തേ നമ്മുടെ അധികാരികളെ സമീപിക്കാൻ കഴിഞ്ഞില്ല ? സമീപിച്ചിട്ട് സഹായം ലഭിച്ചില്ല ; സമീപിക്കാൻ ഭയമാണ് ; അതിനുള്ള അറിവോ ആത്മവിശ്വാസമോ അവരിൽ വളർത്തിയെടുക്കുവാൻ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം പര്യാപ്തമല്ല.
* ആദിവാസി ക്ഷേമ പദ്ധതികളുടെ അപര്യാപതതയൊ ഫണ്ടുകളുടെ ചൂഷണമോ നടക്കുന്നില്ലെ എന്നത് .
* ആദിവാസികളുടെ മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഉള്ളവർ രാഷ്ട്രീയ ലാഭം മാത്രം നോക്കി ബീഫ് ഫെസ്റ്റുകൾ നടത്തുന്ന നാട്ടിൽ. ഒരു കിലോ ബീഫും ഒരു കിലോ അരിയും തൂക്കി നോക്കിയാൽ തൂക്കം വ്യത്യസ്ഥമായിരിക്കും എന്ന വസ്ഥുത
* ആദിവാസികളെ പറ്റി കേരളത്തിനു പുറത്ത് മാത്രം വ്യാകുലപ്പെടുന്നവർക്ക് കേരളത്തിൽ നിന്നും ഒരു ആദിവാസികളിൽ നിന്നും കരുത്തുള്ള ഒരു സാമൂഹിക – രാഷ്ട്രീയ നേതാവിനെ ഉയർത്തിക്കൊണ്ട് വന്ന് ഇന്ത്യക്ക് മാതൃകയാക്കി കൂടെ ? അവരിലൂടെ ആദിവാസികളുടെ പ്രശ്നം കേരളത്തിൽ പരിഹരിക്കപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങൾക്ക് അത് മാതൃകയാക്കുവാൻ പ്രചോദനമാകില്ലെ , കുറഞ്ഞ പക്ഷം അതിനാവശ്യപ്പെടാമല്ലൊ .
*ഇന്നും , ഒരു സർക്കാർ ഓഫീസിലൊ , ജനപ്രതിനിധിയേയൊ കണ്ട് തങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തുവാൻ ഉള്ള അവസരം അവർക്കെന്തേ നിഷേധിക്കപ്പെടുന്നു.
* ആരെ കാണിക്കുവാൻ ആണ് ഈ നാടകങ്ങൾ.
നിങ്ങളുടെ മാനവികതയ്ക്കും ദളിത് സ്നേഹത്തിനും കാലണയുടെ ആത്മാർഥതയില്ല എന്ന് ഊട്ടിയുറപ്പിക്കുന്നതല്ലെ ഇത്.
* ഒരു സ്ത്രീയുടെ ശരീരത്തിലെ ജൈവിക പ്രക്രിയകളിൽ വിശപ്പിനു ആർത്തവത്തിനോളം പ്രാധാന്യം ഇല്ല എന്നല്ലെ വസ്ഥുത ഈ നാട്ടിൽ ?
* ക്ഷേത്രത്തിനുള്ളിൽ സ്ത്രീ പോകുന്നുണ്ടൊ പോകുന്നില്ലയൊ എന്നതല്ല മുഖ്യം.
ആ സ്ത്രീയുടെ വയറ്റിനുള്ളിലേക്ക് ഭഗവാൻ പോകുന്നുണ്ടൊ എന്നതാണ്.
വിശക്കുന്നനു മുന്നിൽ ഭക്ഷണമാകുന്നു ദൈവം എന്നത് തന്നെ കാരണം.
Post Your Comments