മൊസൂൾ: ലൈംഗികാടിമകളാകാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കുട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖില്‍ പോരാടുന്ന ഭീകരരുടെ താല്‍ക്കാലിക ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍ദേശം കിട്ടിയവരാണ് ഇരകള്‍.’ലൈംഗിക ജിഹാദ് ‘ എന്ന ഗ്രൂപ്പിന് കീഴില്‍ ആണ് ഇത് നടത്താൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്.
ഇത്തരം താല്‍ക്കാലിക വിവാഹങ്ങള്‍ എതിര്‍ത്തവരെ കശാപ്പ് ചെയ്യുകയായിരുന്നു. ചിലരുടെ കാര്യത്തില്‍ അവര്‍ക്കൊപ്പം കുടുംബാംഗങ്ങളെ വരെ കൊന്നൊടുക്കിയെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വിവരം നല്‍കിയിരിക്കുന്നത്. ഇസ്ളാമിക് സ്റ്റേറ്റ് ഗ്രൂപ്പിന് കടുത്ത സ്വാധീനമുള്ള വടക്കന്‍ ഇറാഖില്‍ സ്ത്രീകള്‍ തനിച്ച് പുറത്ത് പോകുന്നത് ഭീകരസംഘടന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുറത്തുപോകുന്നവര്‍ കര്‍ശനമായി ദേഹം മറയ്ക്കണമെന്നും ആവശ്യമുണ്ട്.
പങ്കാളിയെ സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. 2014 മുതല്‍ മൊസൂള്‍ തീവ്രവാദ സംഘടനയ്ക്ക് കീഴിലാണ്. ഇതിനിടയില്‍ ബഷിക്വാ മിലിട്ടറി ക്യാന്പിന് സമീപത്ത് നിന്നും ഇസ്ളാമിക് സ്റ്റേറ്റ് സംഘാംഗങ്ങള്‍ എന്ന് സംശയിക്കപ്പെട്ട് പിടിച്ച 32 പേരെ വധിച്ചതായി തുര്‍ക്കിയും വ്യക്തമാക്കിയിട്ടുണ്ട്.ഒക്ടോബറില്‍ 500 യസീദി പെണ്‍കുട്ടികളെ സീഞ്ഞാര്‍ മേഖലയില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
Post Your Comments