കേരളം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് സംസ്ഥാനത്തെ പാറമടകളില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്.പെട്രോളിയും ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പി.ഇ.എസ്.ഒ) രേഖകള്‍ അനുസരിച്ച് സംസ്ഥാനത്തെ പാറമടകളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ളത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന 1,230 മാഗസിനുകള്‍.
അനധികൃത മാഗസിനുകളുടെ എണ്ണം ഇതിലും കൂടുതലാണെന്നാണു നിഗമനം. ഒരു മാഗസിനില്‍ സൂക്ഷിക്കാവുന്നത് പരമാവധി നൂറുകിലോ നൈട്രേറ്റ് മിക്സ്ചര്‍ ആണുള്ളത്.
ഈ കണക്ക് പ്രകാരം സംസ്ഥാനത്ത് ഒരു സമയം സൂക്ഷിക്കാവുന്നത് 1,23,000 കിലോ സ്ഫോടക വസ്തുക്കളാണെങ്കിലും യഥാര്‍ഥ കണക്ക് ഇതിന്റെ പത്തിരട്ടിയിലധികം. വരും. സംസ്ഥാനം കത്തി ചാമ്പലാക്കാന്‍ ഇത് മതിയാകുമെന്ന് വിദഗ്ധര്‍. എറണാകുളം-230, കൊല്ലം-121, കണ്ണൂര്‍-67, കാസര്‍ഗോഡ്-27, കോട്ടയം-164, കോഴിക്കോട്-124, മലപ്പുറം-121, പാലക്കാട്-123, പത്തനംതിട്ട-61, തൃശൂര്‍-134, തിരുവനന്തപുരം-78, വയനാട്-28, ഇടുക്കി-101 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ അംഗീകൃത മാഗസിനുകളുടെ എണ്ണം. നിലവില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി 2,146 പാറമടകളുണ്ടെന്നാണ് കണക്ക്. ആ നിലയ്ക്ക് മാഗസിനുകളുടെ എണ്ണം പി.ഇ.എസ്.ഒയുടെ കണക്കിനേക്കാള്‍ കൂടുതലാകാനാണു സാധ്യത.
നിയമപ്രകാരം പാറഖനനത്തിന് നൈട്രേറ്റ് മിക്സ്ചര്‍ മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, ഇത് ആരുംതന്നെ പാലിക്കുന്നില്ലെന്ന് പി.ഇ.എസ്.ഒ. അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റാണു പല വന്‍കിട ക്വാറികളിലും ഉപയോഗിക്കുന്നത്. ഒരു തവണ അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് പാറ പൊട്ടിച്ചാല്‍ കുറഞ്ഞത് രണ്ടുലോഡ്വരെ പാറ ലഭിക്കും.
പ്രതിദിനം മുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ വെടിവച്ചു പാറപൊട്ടിക്കുന്ന മടകളാണു കേരളത്തില്‍ ഉള്ളത്. നൂറു വെടിവെയ്ക്കണമെങ്കില് കുറഞ്ഞത് അമ്പത് കിലോ നൈട്രേറ്റ് മിക്സ്ചര്‍ ഉപയോഗിക്കേണ്ടിവരും. പരമാവധി ഒരു തവണ സ്റ്റോക്ക് ചെയ്യാവുന്നത് 100 കിലോ സ്ഫോടക വസ്തു മാത്രമാണ്. ഒരു ദിവസം 200 വെടി പൊട്ടിക്കാനേ ഇതുമൂലം കഴിയുകയുള്ളൂ. അതിനാല്‍ പാറമട ഉടമകള്‍ അനുവദിച്ചതിലും കൂടുതല്‍ അളവ് സ്ഫോടക വസ്തുക്കള്‍ കരുതുകയാണ് പതിവ്. ഒരു സ്ഫോടനത്തില്‍ നിന്നു തന്നെ കൂടുതല്‍ അളവ് പാറ ലഭിക്കാന്‍ നിരോധിച്ച അമോണിയം നൈട്രേറ്റ് തന്നെയാണ് പലരും ഉപയോഗിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.മാഗസിന്റെ സുരക്ഷ വിലയിരുത്താനും നിയമലംഘനം തടയാനും പോലീസ്, റവന്യൂ, ജിയോളജി ഉദ്യോഗസ്ഥര്‍ ഒരു മാസത്തില്‍ ഒരിക്കലെങ്കിലും സ്ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്ന സ്ഥലം സന്ദര്ശിക്കണമെന്നാണു നിയമം. ഇത് ആരും കൃത്യമായി പാലിക്കുന്നില്ലെന്ന് പി.ഇ.എസ്.ഒ. അധികൃതര്‍ വിലയിരുത്തുന്നു. പ്രതിദിനം ലക്ഷക്കണക്കിന് രൂപാ വരുമാനമുള്ള വന്‍കിട പാറമടകളിലാണു നിയമലംഘനം ഏറെ നടക്കുന്നത്.
Post Your Comments