NewsInternationalGulf

ബജറ്റ് വിമാനസര്‍വീസുമായി സൗദി എയര്‍ലൈന്‍സും രംഗത്ത്

ജിദ്ദ: ബജറ്റ് വിമാനസര്‍വീസുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സും(സൗദിയ) രംഗത്തെത്തി. ‘ഫ്‌ലൈ എഡീല്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. 2017 ലെ വേനലവധിക്കാലം മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍. ഇവയുടെ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കും.

ജിദ്ദ വിമാനത്താവളത്തില്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവിയും സൗദി എയര്‍ ലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷനുമായ സുലൈമാന്‍ അല്‍ഹംദാന്‍, ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ‘ഫ്‌ലൈ എഡീല്‍’ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. താഴ്ന്ന ടിക്കറ്റ് നിരക്ക് എന്നതിന്നര്‍ഥം മോശം സര്‍വീസ് എന്നതല്ലെന്നും ‘ഫ്‌ലൈ എഡീല്‍’ ലോകനിലവാരത്തിലുള്ള സര്‍വീസ് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ കുറഞ്ഞ ചാര്‍ജുള്ള ഒരു ക്ലാസ് മാത്രമാകും ‘ഫ്‌ലൈ എഡീല്‍’ നടപ്പാക്കുക എന്ന് സൗദി എയര്‍ലൈന്‍സ് മേധാവി പറഞ്ഞു.

ബജറ്റ് എയര്‍ലൈന്‍സ് ആയ ഫ്‌ലൈ നാസാണ് നിലവില്‍ സൗദി അറേബ്യയിലെ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികളില്‍ പ്രധാനി. കൂടാതെ മേഖലയിലെ പ്രധാന ബജറ്റ് വിമാനങ്ങളായ ഫ്‌ലൈദുബൈ, അല്‍ ജസീറ, എയര്‍ അറേബ്യ തുടങ്ങിയവയുമായായിരിക്കും ‘ഫ്‌ലൈ എഡീല്‍’ മത്സരിക്കേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button