വാഷിങ്ടണ്‍: ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകത്ത് വന്‍ ഭൂകന്പമുണ്ടാകാമെന്നു മുന്നറിയിപ്പ്.ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി ശക്തിയേറിയ അഞ്ച് ഭൂചലനങ്ങളാണ് കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. ഇതിനെതുടര്‍ന്ന് കൊളറാഡോ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ റോജര്‍ ബില്‍ഹാമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. റിക്ടര്‍ സ്കെയിലില്‍ എട്ടിലേറെ തീവ്രതയുള്ള നാലു ഭൂകമ്പങ്ങളാണ് ഇദ്ദേഹം പ്രവചിക്കുന്നത്.
ഒരാഴ്ച മുമ്പ് ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.8 ആണു രേഖപ്പെടുത്തിയത്. ജപ്പാന്‍, ഇക്വഡോര്‍, ടോംഗ എന്നിവിടങ്ങളിലും ഒന്നിലേറെ ഭൂചലനങ്ങള്‍ ഉണ്ടായി. ഇക്വഡോര്‍ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.8 ആണു രേഖപ്പെടുത്തിയത്.ഫിലിപ്പീന്‍സ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലും ചെറു ഭൂചലനങ്ങള്‍ ഉണ്ടായി. ഈ മേഖലകളെ “തീ വളയം” എന്നാണ് റോജര്‍ ബില്‍ഹാം വിശേഷിപ്പിക്കുന്നത്. ശാന്തസമുദ്രത്തിനടിയിലെയും ഹിന്ദുക്കുഷ് മേഖലയിലെയും പ്ലേറ്റുകളുടെ മാറ്റമാണു ഭൂചലനങ്ങളിലും അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്നതിലും മറ്റും കലാശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഹിന്ദുക്കുഷില്‍ ചെറുതും വലുതുമായി നൂറിലേറെ ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യ-യൂറേഷ്യന്‍ പ്ലേറ്റുകള്‍ ചേരുന്നതിനു സമീപത്തായിട്ടാണ് ഈ മേഖല. ഈ പ്രദേശത്തെ ഭൗമശാസ്ത്രപ്രകാരം അപകടമേഖലയെന്നാണ് യു.എസ്. ജിയോളജിക്കല്‍ സര്‍വേ വിശേഷിപ്പിക്കുന്നത്. പ്രതിവര്‍ഷം 1.5 ഇഞ്ച് എന്ന കണക്കില്‍ പ്ലേറ്റുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ കണക്ക്.
Post Your Comments