ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം യു.പി.എ സര്‍ക്കാരിലെ നിയമമന്ത്രിയായിരുന്ന എച്ച്.ആര്‍ ഭരദ്വാജ്. 2007ല്‍ ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന മുലായം സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നാണ് ഭരദ്വാജിന്റെ വെളിപ്പെടുത്തല്‍. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തലായിരുന്നു ഈ നടപടി. എന്നാല്‍ നിയമമന്ത്രിയായിരുന്ന താന്‍ അതിനെ എതിര്‍ത്തുവെന്നും ഭരദ്വാജ് പറയുന്നു. ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിയാക്കുന്ന വെളിപ്പെടുത്തല്‍.
ഒരു കാലത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഭരദ്വാജ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന ആരോപണമാണ് അദ്ദേഹത്തിനുള്ളത്. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഭരദ്വാജ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്നത്.
ഉത്തര്‍പ്രദേശ് വിഷയം, 2 ജി സ്‌പെക്ട്രം അടക്കം പല കാര്യങ്ങളിലും കോണ്‍ഗ്രസിന്റെ നിലപാടുകളെ എതിര്‍ത്തിരുന്നതാണ് തന്നെ പുറന്തള്ളാന്‍ ഇടയാക്കിയത്. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന ഭരദ്വാജിനെ കര്‍ണാടക ഗവര്‍ണറാക്കി തലസ്ഥാനത്തുനിന്ന് മാറ്റാനും കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിച്ചു. കര്‍ണാടകയില്‍ നിന്ന് മടങ്ങിയെത്തിയ ഭരദ്വാജിന് പാര്‍ട്ടി മാന്യമായ സ്ഥാനം നല്‍കാന്‍ മെനക്കെട്ടതുമില്ല. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നു പോലും കരുതുന്നില്ലെന്നും ഭരദ്വാജ് പറഞ്ഞു.
ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിന്റെനടപടി ചൂണ്ടിക്കാട്ടിയപ്പോള്‍, അത് കോണ്‍ഗ്രസിന്റെ പരാജയമാണെന്നു ഭരദ്വാജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അത് ഉണ്ടെന്ന് തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. അതിനു പകരം വിമതരെ സസ്‌പെന്റു ചെയ്ത സ്പീക്കറുടെ നടപടിയും തെറ്റാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തെ വിവരങ്ങള്‍ ധരിപ്പിക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു.
യു.പിയില്‍ മാത്രമല്ല, ബിഹാറിലും ഒന്നാം യു.പി.എ സര്‍ക്കാര്‍ ഭരണഘടനയുടെ 356 ആം വകുപ്പ് ദുരുപയോഗിച്ചു. കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനപ്രകാരമാണ് ബിഹാര്‍ നിയമസഭ പിരിച്ചുവിട്ടത്. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പിന്നീട് സുപ്രീം കോടതി വിധിച്ചു.
Post Your Comments