Oru Nimisham Onnu Shradhikkoo

ദുരന്തഭൂമിയിലെ സെല്‍ഫി ഭ്രമം അതിരുവിട്ടപ്പോള്‍

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തഭൂമിയില്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം കണ്ണുടക്കിയത് അഗ്നിശമനസേന മാറ്റി വയ്ച്ച കമ്പസാമഗ്രികള്‍ പശ്ചാത്തലത്തില്‍ വരത്തക്കവണ്ണം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ദമ്പതികളെയാണ്. ഊട്ടിയിലും കൊടൈക്കനാലിലും ടൂര്‍ പോകുന്ന വികാരത്തോടെയാണ് പലരും ആ ദുരന്തഭൂമിയിലെത്തിയത്.

സ്ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ കാണാനും ഫോട്ടോ എടുക്കാനുമുള്ള തിരക്കു തന്നെയായിരുന്നു മിക്കയിടത്തും. കൊലക്കളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും മൊബൈലും തൂക്കി നടക്കുന്ന ജനക്കൂട്ടത്തിനെയാണ് കാണാന്‍ കഴിഞ്ഞത്.

ഗുരുമന്ദിരത്തിനു സമീപമുള്ള പങ്കജാക്ഷിയുടെ വീടിന്റെ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വീടാകെ തകര്‍ന്ന വിഷമത്തില്‍ ഇരിക്കുന്ന അവരോടും കുടുംബാംഗങ്ങളോടും അകത്തു കയറാന്‍ അനുവാദം ചോദിച്ചു വെപ്രാളം പിടിച്ചു നില്‍ക്കുന്ന ചിലരെ അവിടെക്കണ്ടു. ഫോട്ടോ എടുക്കാന്‍ കയറി വരുന്നവരുടെ തിരക്കു കാരണം അവശിഷ്ടങ്ങള്‍ മാറ്റുന്നതിന് തടസ്സം നേരിട്ടപ്പോഴാണ് അവര്‍ ഗേറ്റ് പൂട്ടിയത്. ഇതുപോലെതന്നെയാണ് മറ്റുള്ള വീടുകളുടെയും അവസ്ഥ. ഇവരില്‍ പലരും തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നുകൂടി മറന്നുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൈതാനത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള ഉപക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിക്കുന്നു കാഴ്ച കാണാന്‍ എത്തിയവരുടെ തിരക്ക്. ഒരു പക്ഷേ കമ്പം കാണാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ പേര്‍ സംഭവത്തിനു ശേഷം സ്ഥലം സന്ദര്‍ശിച്ചുവെന്ന് തോന്നിപ്പോകും അതു കണ്ടാല്‍.

ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയായിരുന്നു മൈതാനം നിറയെ. പലതിലും ചോരപ്പാടുകള്‍, തീയില്‍ കരിഞ്ഞ അവശിഷ്ടങ്ങള്‍. അപകടം നടക്കുമ്പോഴെപ്പോഴോ താങ്ങിനു വേണ്ടി മതിലില്‍ മുറുകെപ്പിടിച്ച ഒരു ജീവന്റെ ചോര പതിഞ്ഞ വിരല്‍പ്പാടുകള്‍. ഇന്നാ മനുഷ്യന്‍ ജീവനോടെയുണ്ടോ എന്നറിയില്ല. കമ്പപ്പുരയ്ക്കു സമീപം മനുഷ്യമാംസം ഉണങ്ങിപ്പിടിച്ച പാടുകള്‍. മൈതാനത്തിനു സമീപമുള്ള വീടുകളുടെ മതിലുകളിലും വീടിന്റെ ഭിത്തികളിലും വെടിയുണ്ട തറഞ്ഞു കയറിയത് പോലെയുള്ള അടയാളങ്ങള്‍.

ക്ഷേത്രത്തിന്റെ ഇടതു വശത്തുണ്ടായിരുന്ന ലൈറ്റ് ബോര്‍ഡ് തകര്‍ന്നു കമ്പപ്പുരയ്ക്കു മുകളിലേക്ക് വീണു കിടക്കുകയാണ്. നിര്‍വീര്യമാക്കാത്ത സ്ഫോടകവസ്തുക്കള്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. വലതു ഭാഗത്തുണ്ടായിരുന്ന ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയ താല്‍ക്കാലിക ഷോപ്പുകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചിതറിക്കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ മറ്റു സാമഗ്രികള്‍ എന്നിങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ വസ്തുക്കള്‍. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പലരും ആ കഥ വിവരിക്കുന്നു, അത് കേള്‍ക്കാന്‍ കൂടിയിരിക്കുന്ന കുറച്ചു പേര്‍. ഔദ്യോഗിക വാഹനത്തിനു മുകളില്‍ നിന്നും ഇവരെ താഴെയിറക്കാന്‍ പാടുപെടുന്ന അഗ്നിശമനസേനാംഗങ്ങളും ഡു നോട്ട് ക്രോസ്സ് എന്നെഴുതിയ പ്ലാസ്റ്റിക് ടേപ്പ് മറികടന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന യുവത്വങ്ങളും ഉണ്ടായിരുന്നു അവിടെ.
അവിടെ പൊലിഞ്ഞ ജീവനുകളെയും അപ്പോള്‍ മരണത്തോട് മല്ലടിച്ചവരെയും കൊലക്കളത്തെയും ലൈക്കുകള്‍ ആക്കി മാറ്റാനുള്ള ആവേശമായിരുന്നോ അവരുടെ ഉള്ളില്‍? സെല്‍ഫിക്കു വേണ്ടി അവിടെ നിന്ന് ചിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കടപ്പാട്:വി ഉണ്ണികൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button