NewsInternationalGulf

തോരാമഴയില്‍ സൗദിയില്‍ മരണം 12

ജിദ്ദ: കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തകര്‍ത്തുപെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേരെ കാണാതായതായും അപകടങ്ങളില്‍പ്പെട്ട 681 പേരെ വിവിധ മേഖലകളില്‍ നിന്ന് രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്ദുല്ല അല്‍ഹാരിസി പറഞ്ഞു. കനത്ത മഴ പെയ്ത മക്ക മേഖലയിലെ വാദി അല്ലൈസില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ വ്യക്തമാക്കി. നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ വാഹനം ഒലിച്ചുപോയ സ്ഥലത്ത് നിന്ന് 15 കിലോ മീറ്റര്‍ അകലെ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തെ മഴവെള്ളപ്പാച്ചിലില്‍ കാണാതായത്. അന്നുതന്നെ മാതാവിന്റെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെടുക്കുകയും മറ്റൊരു കുട്ടിയെ ജീവനോടെ കണ്ടെത്തുകയും ചെയ്തിരുന്നു.

റിയാദില്‍ 145 ഉം മക്കയില്‍ 308ഉം അല്‍ബാഹയില്‍ 35ഉം അസീറില്‍ 191 ഉം നജ്‌റാനില്‍ രണ്ട് പേരും രക്ഷപ്പെടുത്തിയതിലുള്‍പ്പെടും. മഴവെള്ളപ്പാച്ചിലില്‍ റോഡുകളില്‍ വെള്ളം കയറി വാഹനത്തിനുള്ളില്‍ കുടുങ്ങിയാണ് അധികമാളുകളും അപകടതിലായത്. സിവില്‍ ഡിഫന്‍സിന്റെ തക്ക ഇടപെടല്‍ മൂലമാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത്. ഇവരില്‍ 123 പേരെ മാറ്റിത്താമസിപ്പിക്കുകയും 24 കുടുംബങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. വ്യാഴം മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ സഹായം തേടി വിവിധ മേഖലകളിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ 6393 ഫോണ്‍ കോളുകളാണ് വന്നത്.

കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും സ്വദേശികളോടും വിദേശികളോടും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അസീര്‍മേഖലയില്‍ പ്രാഥമിക കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായിരിക്കുന്നത് കൃഷിയിടങ്ങള്‍ക്കാണെന്നും ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അസീര്‍ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ആസിമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button