വെടിക്കെട്ടപകടത്തിന്റെ അന്തരീക്ഷത്തില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ വേണോ വേണ്ടയോ എന്ന കാര്യങ്ങളിലൊക്കെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നു കൊണ്ടിരിയ്ക്കെ അജിത് പി സി എന്ന കോട്ടയംകാരനായ അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു അപകടത്തില്‍ നാല് കൈവിരലുകള്‍ നഷ്ടപ്പെട്ട അജിത് ഇത്തരം അപകടങ്ങളെ തന്റെ ജീവിതത്തോട് ചേര്‍ത്തുവച്ച് നോക്കിക്കാണുന്നു.വിരലുകള്‍ നഷ്ട്ടപ്പെട്ട തന്റെ കൈയുടെ ചിത്രം സഹിതമാണ് അജിത് പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്.
“കൃത്യം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം കയ്യിലിരുപ്പു കൊണ്ട് ഇടതു കയ്യിലെ ചൂണ്ടുവിരല്‍ ഒഴികെ എല്ലാ വിരലുകളും നഷ്ടപെട്ട ആളാണ് ഞാന്‍..അന്ന് ആശുപത്രി കിടക്കയില്‍ പൊള്ളികിടന്നതിന്റെ നീറുന്ന ഓര്‍മകളും പിന്നീടിന്നു വരെ അനുഭവിക്കുന്ന നീറ്റലും എങ്ങനെ കൈവിരലുകള്‍ നഷ്ടപ്പെട്ടൂ എന്നതിനപ്പുറം ആരോടും അധികം പങ്കുവെച്ചിട്ടില്ല.
എന്നാല്‍ ഇന്ന് തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവന്‍നഷ്ടപെട്ട എന്‍റെ സഹജീവികളെ കാണുമ്പോ എനിക്ക് ഉള്ളില്‍ അന്നുണ്ടായതിനെക്കാള്‍ ഭാരം തോന്നുന്നു.. മതപരമേന്നോ ആചാരമെന്നോ വിശ്വസമെന്നോ എന്ത് പേരിട്ടു വിളിച്ചാലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഈ ദുരന്തം. അപലപിച്ചു അവസാനിപ്പിക്കാനും കഴിയില്ല…പ്രതികരണങ്ങള്‍ ആണിനി ആവശ്യം. പ്രധാനമന്ത്രി വന്നതോ രാഹുല്‍ഗാന്ധി വന്നതോ അതുമല്ലെങ്കില്‍ സര്‍ക്കാര്‍ നിലപാട് പെരുമാറ്റചട്ടത്തിനുള്ളില്‍ ഒതുങ്ങുന്നതോ എന്നൊന്നുമല്ല പ്രതികരിക്കേണ്ടത്. അത്തരം വിലകുറഞ്ഞ രാഷ്ട്രീയ ആയുധങ്ങള്‍ കണ്ടെത്തിയവരോടുള്ള അങ്ങേയറ്റം അമര്‍ഷവും വെറുപ്പും രേഖപെടുത്തികൊണ്ട് തന്നെ പറയട്ടെ. പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടത് ജനങ്ങളില്‍ നിന്നാണ്..
കുരിശില്‍ കിടക്കുന്ന യേശുദേവനോ അമ്പലത്തിലെ ദൈവങ്ങള്‍ ആരുമോ ഇനി മുഹമ്മതോ ആരും ഈ അമിട്ടുകളുടെ ശബ്ദം കേട്ടില്ല എന്നു പരാതി പറയില്ല…പ്രത്യേകിച്ച് അവരുടെ മുന്നില്‍ പുരോഹിത വേഷധാരികളായി നില്‍കുന്നവര്‍ ഇതിലും വലിയ വെടികള്‍ പൊട്ടികുമ്പോള്‍… എന്ത് ആചാരത്തിന്റെ പേരിലാണെങ്കിലും ഈ ലക്ഷങ്ങള്‍ മുടക്കിയുള്ള കരിമരുന്നു പ്രകടനം കുറച്ചു നിമിഷത്തെ ശബ്ദത്തിനും വെളിച്ചത്തിനും അപ്പുറം എന്ത് നല്‍കുന്നു ??
നമ്മുടെ കണ്ണുകള്‍ക്ക് വെളിച്ചം നല്‍കുന്നത് മറ്റുള്ളവരുടെ പുഞ്ചിരികള്‍ ആയിക്കൂടെ? ചില സംഘടനകളും വിശ്വാസ സമൂഹങ്ങളും ചെയ്യുന്നത് പോലെ ചിലവുകുറച്ചു ആ പണം മറ്റുള്ളവന്റെ നന്മയ്ക്കായി ഉപയോഗിക്കാമല്ലോ.. അവരുടെ നന്ദി വാക്കുകള്‍ നമ്മുടെ കാതുകള്‍ക്ക് ഇതിലും ഇമ്പം ആവില്ലേ..?? പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും അടക്കം എല്ലാവരുടെയും നെഞ്ചത്തിട്ട് തന്നെ വേണോ ഇതൊക്കെ പൊട്ടിക്കാന്‍.. പരവൂര്‍ അപകടത്തില്‍ കേട്ടു നിന്നവരുടെ ചെവി പൊട്ടിചോരഒലിച്ചു എന്നു കേട്ടപ്പോള്‍ മുതല്‍ എന്‍റെ ചെവിയും വിങ്ങുന്നു. ഒരുവന്‍റെ മൂക്ക് ആരംഭിക്കുന്നിടത്തു എന്‍റെ കൈ വീശാനുള്ള സ്വാതന്ത്ര്യം തീരുന്നു എന്നു പറയുന്നത് പോലെ അവരുടെ ചെവിയുടെ ഇയര്‍ ഡ്രം പൊട്ടുന്നത് വരെ ആണോ നമുക്ക് ഒച്ച ഉണ്ടാക്കാനുള്ള സ്വതന്ത്ര്യം..
മത്സരകമ്പത്തിന്റെ എല്ലാ കമ്പവും തീര്‍ന്ന ഈ നിമിഷങ്ങളില്‍ ഒരു പ്രതിപട്ടിക തയ്യാറാക്കുക അല്ല…പകരം ഇനിയുണ്ടാവില്ല എന്നു തീരുമാനിക്കാനുള്ള ആര്‍ജവം അല്ലേ ഉണ്ടാകേണ്ടത്.. ഒരു സ്ഫോടനം അവശേഷിപ്പിച്ച എന്‍റെ ഇടതു കയ്യിലെ ചൂണ്ടുവിരല്‍ ഞാന്‍ ഇനി നീട്ടുന്നത് എന്‍റെയും നിങ്ങളുടെയും മനസാക്ഷികളുടെ നേര്‍ക്കാണ്..”
Post Your Comments