പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ നിരന്നതോടെ മത്സരത്തിന് ചൂടുപിടിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയില്‍ എത്തും. എന്‍.ഡി.എയുടെ സംസ്ഥാനതല പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ പത്തനംതിട്ടയിലെത്തും.
ഏറെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ കോന്നിയില്‍ സിറ്റിങ് എം.എല്‍.എ അടൂര്‍ പ്രകാശും തിരുവല്ലയില്‍ ജോസഫ് എം. പുതുശേരിയും സ്ഥാനാര്‍ഥികളായതോടെ ആകെയുണ്ടായിരുന്ന അനിശ്ചിതത്വവും നീങ്ങി. ഇതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കി മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി പ്രധാന പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് സജീവമായി. തിരുവല്ലയിലും കോന്നിയിലും ആറന്‍മുളയിലും റാന്നിയിലും എല്‍.ഡി.എഫും എന്‍.ഡി.എയും നേരത്തെ രംഗത്തെത്തി. നിലവില്‍ എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് ജില്ലയിലെ കക്ഷി നില. അഞ്ചു സീറ്റിലും വിജയിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അടൂര്‍, തിരുവല്ല എന്നിവ ഉറച്ച യു.ഡി.എഫ് മണ്ഡലങ്ങളാണ്. കാലുവാരല്‍ മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നഷ്ടമായതാണ് ഈ മണ്ഡലങ്ങള്‍. നേരത്തേ യു.ഡി.എഫ് കോട്ടയായിരുന്നു റാന്നി. ഇത്തവണ റാന്നിയും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം ആദ്യം നടന്ന ആറന്മുളയില്‍ സിറ്റിങ് എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്, എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി. രമേശ് എന്നിവര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. ആറന്മുളയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി വിവാദം തല പൊക്കിയത് യു.ഡി.എഫിനോ എന്‍.ഡി.എയ്‌ക്കോ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് അവര്‍ ഇരുകൂട്ടരും. മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. കഴിഞ്ഞ പാര്‍ലമെന്റ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വോട്ടിലുണ്ടായ വര്‍ധനവ് ഏങ്ങനെയാവും തങ്ങളെ ബാധിക്കുക എന്നകാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വന്ന വിവാദം സി.പി.ഐ എമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മുന്‍ എം.എല്‍.എ കെ.സി. രാജഗോപാലിനെ കാലുവാരിയെന്ന ദുഷ്‌പേര് എല്‍.ഡി.എഫ് ആവര്‍ത്തിച്ചാല്‍ അതു ഗുണം ചെയ്യുക ശിവദാസന്‍ നായര്‍ക്ക് തന്നെയാവും. ബി.ജെ.പി നില മെച്ചപ്പെടുത്തുകയും ചെയ്യും.
റാന്നിയില്‍ സി.പി.ഐ എമ്മിലെ രാജു ഏബ്രഹാമിന് ഇക്കുറി മത്സരം കടുകട്ടിയാണ്. മുന്‍ എം.എല്‍.എ എം.സി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനെയാണ് രാജു ഏബ്രഹാം നേരിടേണ്ടത്. ജില്ലാ പഞ്ചായത്തംഗമായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട മറിയാമ്മ ചെറിയാന്‍ മണ്ഡലത്തിലെ പരിചിത മുഖമാണ്. ഈഴവ സമുദായത്തിന് ശക്തമായ പ്രാതിനിധ്യമുള്ള ഇവിടെ ബി.ഡി.ജെ.എസ് ജില്ലാ ചെയര്‍മാനും പത്തനംതിട്ട എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റുമായ കെ. പത്മകുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. റാന്നിയില്‍ ഇടതുപക്ഷ സഹയാത്രികരായവരുടെ വോട്ടുകള്‍ ബി.ഡി.ജെ.എസ് സ്വാധീനിച്ചാല്‍ തുടര്‍ച്ചയായി അഞ്ചാം ജയം തേടിയിറങ്ങുന്ന രാജു ഏബ്രഹാമിന് ഇക്കുറി പാടുപെടേണ്ടിയും വരും.
അടൂരില്‍ സിറ്റിങ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായും മുന്‍ എം.എല്‍.എ കെ. കെ. ഷാജു യുഡിഎഫ് സ്ഥാനാര്‍ഥിയായും മല്‍സര രംഗത്ത് സജീവമായി. സംവരണ മണ്ഡലമായ ഇവിടെ ബി.ജെ.പിക്ക് വേണ്ടി യുവമോര്‍ച്ചാ നേതാവ് അഡ്വ. പി. സുധീറും മത്സരിക്കുന്നു. പന്തളത്തെ മുന്‍ എംഎല്‍എയായ കെ.കെ. ഷാജുവിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്. ജെഎസ്എസില്‍ നിന്നും കോണ്‍ഗ്രസിലെത്തി കൈപ്പത്തി ചിഹ്നത്തില്‍ അടൂരില്‍ മല്‍സരത്തിനിറങ്ങിയ ഷാജുവിന് ആദ്യം നേരിടേണ്ടി വരുന്നത് പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങളെയാണ്. മുന്‍ മന്ത്രിയും കൊങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പന്തളം സുധാകരന്റെ സഹോദരന്‍ കെ. പ്രതാപനും കെപിസിസി നിര്‍വാഹക സമിതിയംഗം കെ.വി. പത്മനാഭനും വിമത സ്വരം ഉയര്‍ത്തി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ രംഗത്ത് എത്തി.
കോന്നിയില്‍ അവസാന നിമിഷമാണ് യുഡിഎഫ് അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. അഴിമതി ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ സുധീരന്‍ നടത്തിയ പ്രകടനം തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണ ആയുധം. എന്നാല്‍ ഇതൊന്നും ഇവിടെ പ്രകാശിനെ ബാധിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ വികാരം. സിപിഐ എം സ്ഥാനാര്‍ഥി ആര്‍. സനല്‍കുമാര്‍ പ്രചാരണ രംഗത്ത് ഏറെ മുന്നില്‍ പോയതൊന്നും അടൂര്‍ പ്രകാശിനെ ബാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി വോട്ടര്‍മാര്‍ക്ക് സുപരിചിതമാണ് പ്രകാശിന്റെ മുഖം എന്നതുതന്നെ കാരണം. ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് അഡ്വ. അശോക് കുമാറാണ്.
തിരുവല്ലയില്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റും സിറ്റിങ് എംഎല്‍എയുമായ മാത്യു ടി. തോമസും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ജോസഫ് എം. പുതുശേരിയും മത്സരിക്കും. എല്‍ഡിഎഫ് ഇവിടെ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. കേരളാ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും സഭാ നിലപാടുകളും മാത്യു ടി. തോമസിന് വിജയ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാജ്യ സഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ ഇടപെടലുകള്‍ തിരുവല്ലയിലെ രാഷ്ട്രീയത്തില്‍ യുഡിഎഫിനുള്ളില്‍ വിള്ളല്‍ വീഴ്ത്തി. ജോസഫ് എം പുതുശേരിക്കെതിരേ പരസ്യമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളിലുള്ളത്. കഴിഞ്ഞ രണ്ടു തവണയും തിരുവല്ലയിലെ യുഡിഎഫിലെ ചേരിപ്പോരാണ് മാത്യു ടി.യെ വിജയിപ്പിച്ചത്. മാത്യു ടി ജയിക്കുകയും എല്‍.ഡി.എഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ മണ്ഡലത്തിനൊരു മന്ത്രി ഉറപ്പാണെന്നതും പ്ലസ് പോയിന്റാണ്. എങ്കിലും എതിര്‍ പക്ഷത്ത് പുതുശേരി വന്നതോടെ മത്സരം കടുത്തിട്ടുണ്ട്. ബിഡിജെഎസ് സ്ഥാനാര്‍ഥി മുന്‍ യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് എന്‍ഡിഎയുടെ സാന്നിധ്യം മണ്ഡലത്തില്‍ അറിയിച്ചു കഴിഞ്ഞു. മണ്ഡലത്തില്‍ രണ്ടു പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കം ജനപ്രതിനിധികള്‍ വേറെയും.
Post Your Comments