സൗദി രാജാവിന്റെ 30-കാരനായ മകന്‍,ഉപ-കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിന്തയില്‍ സൌദിയെ രക്ഷിയ്ക്കാനുള്ള വഴികളാണ്. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ ഓഹരികള്‍ വിറ്റ് ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിക്ഷേപക ഫണ്ട് (സൊവറിന്‍ വെല്‍ത്ത് ഫണ്ട്) സൃഷ്ടിക്കാനുള്ള പദ്ധതി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.
സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന് രാജ്യത്തെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിനു പിന്നില്‍. സൗദി ആരാംകോയെ എണ്ണ മേഖലയ്ക്കപ്പുറത്തേക്ക് നിര്‍മ്മാണം, എഞ്ചിനീയറിംഗ് തുടങ്ങി മറ്റു വ്യവസായ മേഖലകളിലേക്കും വികസിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം ഈ ഫണ്ട് ഉപയോഗിച്ച് ലോകത്തൊട്ടാകെ പല നിക്ഷേപങ്ങളും നടത്തും. ധീരമായ ഒരു നീക്കമാണിത്. ഇതിന്റെ വലിപ്പം മാത്രമെടുത്താല്‍ മതി സൗദികള്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍.
അതേസമയം, രാജ്യം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാനായി ഇതിലെറെ ആവശ്യമായി വരും. സാധാരണ ഗതിയില്‍ പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാകുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ പരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ വളരെ വേഗത്തില്‍ മുന്നേറേണ്ടത് വിജയത്തിന് ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികളേയും സര്‍ക്കാര്‍ സഹായങ്ങളേയും ആശ്രയിച്ചു മാത്രം ശീലമുള്ള ഒരു ജനതയ്ക്ക് ഇനി കൂടുതല്‍ ജോലി ചെയ്യുകയും നികുതി നല്‍കുകയും ചെയ്യേണ്ടി വരും. അതേസമയം തന്നെ രാജ്യം പൗരന്മാരോട് കൂടുതല്‍ പ്രതികരണാത്മകമാകുകയും ചെയ്യേണ്ടി വരും.
രാജ്യം ഇപ്പോള്‍ ചെയ്യുന്നത് പൗരന്മാരോട് ബിസിനസ് തുടങ്ങാന്‍ ആവശ്യപ്പെടുകയും ജീവിക്കാനുള്ളത് സര്‍ക്കാര്‍ തന്നെ നല്‍കുകയുമാണ്. ഒരു പുതിയ സമ്പദ് വ്യവസ്ഥയില്‍ മുന്നേറാന്‍ സഹായകമായ തരത്തില്‍ പൗരന്മാര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. കൂടുതല്‍ സ്ത്രീകളും തൊഴില്‍ രംഗത്തേക്ക് കടന്നുവരേണ്ടതുണ്ട് (അവരെ സ്വയം ഡ്രൈവ് ചെയ്ത് വരാനും അനുവദിക്കണം). സര്‍ക്കാരിന്റെ ചെലവില്‍ ആഢംബരങ്ങള്‍ ആസ്വദിക്കാന്‍ ചുരുക്കം രാജകുമാരന്മാര്‍ക്കെ അവസരമുണ്ടാകൂ. രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമ്പോള്‍ പ്രതിപക്ഷത്തെ വിലക്കെടുക്കാനുള്ള പ്രലോഭനത്തെ സര്‍ക്കാരിന് പ്രതിരോധിക്കേണ്ടിയും വരും.
മുഹമ്മദ് രാജകുമാരന്‍ വിഭാവനം ചെയ്യുന്നതു പോലുള്ള മേഖലയില്‍ സാമ്പത്തിക സേവനങ്ങളുടെ ഒരു കേന്ദ്രമായി മാറുക എന്നത് സൗദിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ബാലികേറാമലയാണ്. അതിയാഥാസ്ഥികരായ മത നേതാക്കളും പിന്നെ അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തിലെ ഭൂരിപക്ഷവും രാജ്യത്തെ വിദേശ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ ആകര്‍ഷകമായ ഒരിടമാക്കുന്ന തരത്തിലുള്ള മാറ്റങ്ങളോട് കടുത്ത എതിര്‍പ്പുള്ളവരായിരിക്കും.
പാഴ്‌ചെലവുകളും സബ്‌സിഡികളും കുറക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ അദ്ദേഹം ആശ്ചര്യപ്പെടുത്തും വിധം നടപടികളെടുത്തിട്ടുണ്ട്. മാത്രവുമല്ല വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് പിന്തുണയാണ് ആവശ്യം.
Post Your Comments