Editorial

സാധാരണക്കാരന്‍റെ ദുരിതത്തിന്മേല്‍ വേണോ ഈ കായികധൂര്‍ത്ത്‌?

ഇന്ത്യന്‍ ടീം പരാജയപ്പെട്ടെങ്കിലും വീണ്ടുമൊരു കരീബിയന്‍ വസന്തം വിരിഞ്ഞ 20-20 ലോകകപ്പിന്‍റെ ആവേശം ഒടുങ്ങാതെ നില്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റിന്‍റെ മറ്റൊരു മഹോത്സവം കൊടിയേറുകയാണ്. പക്ഷേ സങ്കടത്തോടെ പറയട്ടെ, ക്രിക്കറ്റ് എന്ന കായികരൂപത്തിന്‍റെ തനിമ അപ്പാടെ ചോര്‍ത്തിക്കളയുന്ന ഒരു വന്‍ ബിസിനസ് ഉത്സവം മാത്രമായി മാറുകയാണ് കഴിഞ്ഞ കുറേ നാളുകളായി ഐപിഎല്‍ ടൂര്‍ണമെന്‍റ്. ഓരോ സെക്കന്‍റിലും ഉണ്ടാക്കാന്‍ കഴിയുന്ന കോടികള്‍ക്കാണ് സ്കോര്‍ ചെയ്യപ്പെടുന്ന ഓരോ റണ്‍സിനേക്കാളും മൂല്യം. അവിടെ കളിയില്ല, കളിക്കാരില്ല കളി നിലനില്‍ക്കണമെങ്കില്‍ ആവശ്യമായ പിന്തുണ ആത്യന്തികമായി നല്‍കേണ്ട സാധാരണക്കാരായ ജനങ്ങളുടെ നിലനില്‍പ്പും ഇല്ല.

ഇത്തവണ മഹാരാഷ്ട്രയില്‍ കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന വരള്‍ച്ചയുടെ ഇടയിലാണ് ആ സംസ്ഥാനത്ത് ഏകദേശം ഇരുപതോളം ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറേണ്ടത്. ഏകദേശം 70-ലക്ഷം ലിറ്ററോളം വെള്ളത്തിന്‍റെ ആവശ്യകതയാണ് ഇത് സൃഷ്ടിക്കുന്നത്. വരള്‍ച്ച മൂലം ജനങ്ങള്‍ തീരാദുരിതമനുഭവിക്കുന്ന ലത്തൂര്‍ പോലുള്ള പ്രദേശങ്ങള്‍ ഉള്ള മഹാരാഷ്ട്രയില്‍ ഇപ്പോള്‍തന്നെ ഈ കായികധൂര്‍ത്തിനെതിരെ ഒരു വിഭാഗം ജനങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്.

പക്ഷേ മഹാരാഷ്ട്രയില്‍ നടക്കേണ്ട മത്സരങ്ങളുടെ കച്ചവടപരമായ എല്ലാ മേഖലകളും ഇതിനോടകം തന്നെ കരാറുകളുടെ ഭാഗമായി ആവശ്യമായ പണമിടപാടുകള്‍ നടന്നു കഴിഞ്ഞതാണെന്നും, ടിക്കറ്റ് വില്പന വരെ പൂര്‍ത്തിയായ സ്ഥിതിതിക്ക് മത്സരങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തെ വേദികളിലേക്ക് മാറ്റുക എന്ന മാര്‍ഗ്ഗം പ്രായോഗികമല്ല എന്നുമാണ് സംഘാടകര്‍ വാദിക്കുന്നത്. ക്രിക്കറ്റ് മാത്രമല്ല, ഏതൊരു കായികരൂപവും ജനങ്ങള്‍ക്ക് നല്‍കുന്ന മാനസികോല്ലാസത്തില്‍ നിന്നാണ് അതിന്‍റെ നിലനില്‍പ്പിനു വേണ്ട ഇന്ധനം സ്വരൂപിക്കുന്നത്. ഈ അടിസ്ഥാനതത്വം വിസ്മരിച്ചുകൊണ്ടുള്ള വാദഗതികളല്ലേ ഐപിഎല്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നതാണ് ഉയരുന്ന ചോദ്യം.

വെള്ളത്തിന്‍റെ ഏറ്റവും പരിമിതമായ അളവിലുള്ള അമിതോപയോഗം പോലും അനുവദിക്കാനാകാത്തത്ര ഗുരുതരമായ അവസ്ഥയാണ് മാഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും. മഹാരാഷ്ട്രാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജലറേഷന്‍ അനുസരിച്ച് ചില പ്രദേശങ്ങളില്‍ കുടുംബത്തിലെ ആളൊന്നിന് രണ്ടാഴ്ചത്തെ ഉപയോഗത്തിന് ലഭിക്കുന്നത് നാല് ഗ്ലാസ് വെള്ളം മാത്രമാണ്. സാധാരണക്കാരായ ജനങ്ങള്‍ അത്രമാത്രം പരിതാപകരമായ അവസ്ഥയില്‍ വെള്ളം ഉപയോഗിക്കുമ്പോഴാണ് ഐപിഎല്‍-നു വേണ്ടി 70-ലക്ഷം ലിറ്റര്‍ ജലം മൈതാനങ്ങള്‍ നനയ്ക്കാനും മറ്റുമായി ധൂര്‍ത്തടിക്കാന്‍ പോകുന്നത്.

ലഭിക്കുന്ന ഭീമമായ ലാഭത്തിലെ വളരെ ചെറിയ ഒരംശം വേണ്ടെന്നു വച്ചാല്‍ മതിയായ നഷ്ടപരിഹാരം നല്‍കി ഒഴിയാന്‍ പാടില്ലാത്തതായ ഏതു ബിസിനസ് കരാറുകളിലാണ് ഐപിഎല്‍ ഗവേണിംഗ് സമിതി ഏര്‍പ്പെട്ടിരിക്കുന്നത്? ടിക്കറ്റ് തുകയും ഇത്തരത്തില്‍ മടക്കി നല്‍കാവുന്നതേയുള്ളൂ. ടെലിവിഷനില്‍ ഒന്നിലേറെ ചാനലുകളില്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ കളിവിവരണത്തോടു കൂടി സംപ്രേക്ഷണം ഉള്ളതുകൊണ്ട് താല്പര്യമുള്ള ആര്‍ക്കും ഇഷ്ടമുള്ള കളികള്‍ കാണാതെ നഷ്ടപ്പെടുത്തേണ്ടതായി വരികയും ഇല്ല. എന്നിട്ടും എന്തിനാണ് മഹാരാഷ്ട്രയില്‍ തന്നെ മത്സരങ്ങള്‍ നടത്തിയേ തീരൂ എന്ന ഈ പിടിവാശി.

ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തിനും ഭരണകര്‍ത്താക്കള്‍ക്കും അനാവശ്യമായ പിടിവാശികളും, മറ്റൊരിടത്തും കാണാത്തത്ര ലാഭക്കൊതിയുള്ള കച്ചവടതാത്പര്യങ്ങളും പണ്ടേയുള്ളതാണ്. ബിസിസിഐ എന്ന സംഘടന സുപ്രീംകോടതിയുടെ അടക്കം അപ്രീതിക്ക് പാത്രമായതിന് കയ്യുംകണക്കുമില്ല. ഐപിഎല്‍-ന്‍റെ മൊത്തത്തിലുള്ള നടത്തിപ്പ് കായികസംസ്കാരത്തിന് നിരക്കാത്ത പല കാട്ടിക്കൂട്ടലുകളുടേയും കൂത്തരങ്ങാണ് താനും. അതിന്‍റെ വിശദാംശങ്ങള്‍ ഏവര്‍ക്കും അറിവുള്ളതുമാണ്.

ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും മറ്റും ജനങ്ങള്‍ ദാരിദ്ര്യത്തിന്‍റേയും പട്ടിണിയുടേയും കഷ്ടതകള്‍ മറക്കാന്‍ ഫുട്ബോള്‍ എന്ന കായികരൂപത്തെ ആത്മാവിലാവാഹിച്ചത് പോലെ ഇന്ത്യാക്കാര്‍ നെഞ്ചിലേറ്റിയ കായികഇനമാണ്‌ ക്രിക്കറ്റ്. ആ ജനങ്ങളുടെ ദുരിതപര്‍വ്വത്തെ അവഗണിച്ചു കൊണ്ട് തങ്ങളുടെ പിടിവാശിയും കച്ചവടതാത്പര്യങ്ങളും ആയി മുന്നോട്ട് പോകാനാണ് ഐപിഎല്‍ ഭരണകര്‍ത്താക്കളുടെ തീരുമാനമെങ്കില്‍, അതിനുള്ള തിരിച്ചടി കാലം അവര്‍ക്കായി കരുതിവയ്ക്കാതിരിക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button