ശ്രീകാന്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും മന:ശക്തിയുടെയും മുന്നില്‍ അന്ധത ഒരു തടസ്സമായില്ല.വൈകല്യങ്ങളെ പ്രതിബന്ധങ്ങളായി കാണാതെ പ്രചോദനമായിക്കണ്ട ഈ ഇരുപത്തിനാലുകാരന്‍ ഇന്ന് അന്പതുകൊടി അറ്റാദായമുള്ള സ്ഥാപനത്തിന്റെ ഉടമയാണ്.
ഹൈദരാബാദ് ആസ്ഥാനമായ ബോളന്റ് ഇന്‍ഡസ്ട്രീസിന്റെ സിഇഒ യാണ് ശ്രീകാന്ത്. മറ്റൊരു പ്രത്യേകത ജീവനക്കാരായി ശ്രീകാന്തിന്റെ കൂടെ സ്ഥാപനത്തിലുള്ളത് അങ്ങവൈകല്യമുള്ള 150 പേരാണ്.
വികലാംഗരെന്ന് പഴിച്ച് പൊതുസമൂഹം മാറ്റി നിര്‍ത്തുന്നവര്‍ക്ക് സാധാരണ ജീവിതം നല്‍കുക എന്നതാണ് ശ്രീകാന്ത് ഉദ്ദേശിക്കുന്നത്. അന്ധനായ കുഞ്ഞിനെ ഉപേക്ഷിക്കാനും ഇല്ലാതാക്കാനുമുള്ള ഗ്രാമീണരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മകന് സാധാരണജീവിതം കിട്ടാന്‍ വേണ്ടുന്നതെല്ലാം നല്‍കിയ മാതാപിതാക്കളോടാണ് ശ്രീകാന്തിന്റെ കടപ്പാട്. ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മകനെ പഠിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും മടി കാട്ടിയില്ല.
അന്ധതയുടെ പേരില്‍ ഐഐടിയിലും ബിട്സിനും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു ശ്രീകാന്തിന്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള അവഗണന തീര്‍ത്തത് മസ്സാച്യുസെറ്റ്സ് ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ചായിരുന്നു.
അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ അദ്ദേഹം 3000 ഭിന്നശേഷി വിദ്യാര്‍ത്ഥികളെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായിക്കുന്നത്. ഇതിലും തൃപ്തി വരാതെയാണ് 150 വികലാംഗര്‍ക്ക് ജോലി നല്‍കുന്ന കമ്പനി സ്ഥാപിച്ചത്.
പ്രതിബന്ധങ്ങള്‍ക്കിടയിലും സ്വയം പ്രകാശിയ്ക്കുകയും മറ്റുള്ളവര്‍ക്ക് വെളിച്ചമാവുകയും ചെയ്യുന്ന ജീവിതങ്ങളുടെ നിരയിലേയ്ക്ക് ശ്രീകാന്തും.
Post Your Comments